ഹജ്ജിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

WEBDUNIA| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2009 (13:28 IST)
PRO
PRO
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹജ്ജിനായി മക്കയിലെത്തുന്നവരെ വഹിച്ച് കൊണ്ടുള്ള അവസാനവിമാനം ഇന്നെത്തും. ഇതോടെ ഇന്ത്യയില്‍ നിന്നും ഹജ്ജിനായി മക്കയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വരവ് പൂര്‍ത്തിയാകും. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഇതിനകം 20 ലക്ഷത്തോളമായി. ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളൂ.

വ്യാഴാഴ്‌ചയാണ് അറഫ സംഗമം. സ്വദേശികളടക്കം 25 ലക്ഷത്തോളം വിശ്വാസികള്‍ അറഫ സംഗമത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. ബുധനാഴ്‌ച രാവിലെ തന്നെ വിശ്വാസികള്‍ ഹറം പള്ളിയിലെത്തി പ്രാര്‍ത്ഥിക്കും. അതിനുശേഷം തീര്‍ത്ഥാടകര്‍ മക്കയിലെ വിവിധയിടങ്ങളിലെ താമസസ്ഥലങ്ങളില്‍ നിന്നു മിനായിലേക്ക് യാത്ര തിരിക്കും.

വ്യാഴാഴ്‌ച നടക്കുന്ന അറഫ സംഗമത്തിന് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ഹാജിമാരുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി വിപുലമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമാണ് സൌദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഇന്ത്യന്‍ ഹജ് മിഷന്‍ പ്രവര്‍ത്തനം ഇന്നു മുതല്‍ മദീനയിലേക്കും വ്യാപിപ്പിക്കും.

ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഹജ്‌ പ്രതിനിധിസംഘവും മക്കയിലെത്തിയിട്ടുണ്ട്. സംഘത്തില്‍ മുന്‍ കേന്ദ്രമന്ത്രി സൈഫുദ്ദീന്‍ സോസ്, മുസ്‌ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, പത്നി സുഹറ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, കാശ്മീരിലെ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി ഡി പി) സംസ്ഥാന അധ്യക്ഷ മെഹബൂബ മുഫ്‌തി എന്നിവരുണ്ട്.

വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ പൂര്‍ണമായും ഇന്ന് എത്തുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കായി നാലിടത്ത്‌ അധിക പാര്‍പ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. അറഫയില്‍ രണ്ടും മുസ്ദലിഫയിലും മിനയിലും ഒന്നുവീതവുമാണ്‌ അധിക പാര്‍പ്പിട സൗകര്യം.

കൂടാതെ ഇത്തവണ ജംറ കല്ലെറിയല്‍ കര്‍മത്തിന്‌ തീര്‍ഥാടകര്‍ക്കു അണുവിമുക്‌തമായ കല്ലുകള്‍ ആയിരിക്കും ലഭിക്കുക. പന്നിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായാണു തീരുമാനം. മുപ്പതു ലക്ഷം തീര്‍ഥാടകര്‍ പങ്കെടുക്കുന്ന കല്ലെറിയല്‍ കര്‍മ്മത്തിന് പത്തു ലക്ഷം ബാഗുകളാണ്‌ സൗദി സര്‍ക്കാര്‍ തയാറാക്കുന്നത്‌. മദീനയില്‍ ഹജ്‌ ചടങ്ങിനോടനുബന്ധിച്ച്‌ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി നടത്തുന്ന കര്‍മ്മമാണ്‌ ജംറ കല്ലെറിയല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :