സൌദി അറേബ്യയില്‍ ഏഴു‌പേരെ വെടിവെച്ചുകൊന്ന് പുതിയ നിര്‍ദ്ദേശം നടപ്പാക്കി

റിയാദ്| WEBDUNIA|
PRO
വധശിക്ഷയ്ക്ക് തലവെട്ടിനു പ‌കരം വെടിവെപ്പ് നിര്‍ദ്ദേശിച്ച സൗദി അറേബ്യയില്‍ ആഭരണശാല കൊള്ളയടിച്ച കുറ്റത്തിന് ഏഴുപേരെ വെടിവച്ചുകൊന്നു. തെക്കന്‍ നഗരമായ ആബയിലാണ് ഇങ്ങനെ വധശിക്ഷ നടപ്പാക്കിയത്. പൊതുസ്ഥലത്ത് തലവെട്ടി വധശിക്ഷ നടപ്പാക്കുന്ന സൗദിയില്‍ ഇതിനായി ആളെ കിട്ടാതെ വന്നപ്പോഴാണ് വെടിവച്ചുകൊല്ലുന്ന രീതി നടപ്പാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലെ വാളു കൊണ്ടുള്ള ശിരഛേദം ഒഴിവാക്കി വെടിവെച്ച് ശിക്ഷ നടപ്പാക്കാന്‍ പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.

ശിരഛേദം നടത്തുന്നതിന് പല പ്രവിശ്യകളിലും വിദഗ്ധരായ ആരാച്ചാര്‍മാരുടെ ദൗര്‍ലഭ്യം, ഇവരെ എത്തിക്കാനുള്ള പ്രായോഗികതടസ്സങ്ങള്‍, ആരാച്ചാര്‍ വൈകുന്നതുമൂലം സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവയാണ് വെടിയുതിര്‍ത്തുള്ള വധശിക്ഷക്ക് അനുമതി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍, പൊതുസുരക്ഷാ വിഭാഗം, ജയില്‍ കാര്യാലയം എന്നിവയുടെ പ്രതിനിധികളടങ്ങിയ പ്രത്യേകസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്.

വാളുപയോഗിച്ച് ശിരഛേദം നടത്തുന്നതിന് പകരം തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുന്നത് ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമാവുകയില്ലെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വധശിക്ഷയുടെ രീതി ഓരോ പ്രവിശ്യയുടെയും ഗവര്‍ണര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :