പത്താംക്ലാസ് തുല്യതാപരീക്ഷ ഇനി ഗള്‍ഫിലിരുന്നും എഴുതാം

ദുബൈ| WEBDUNIA|
PTI
PTI
പത്താം ക്ലാസ് തുല്യതാ ഇനി ഗള്‍ഫ് രാജ്യങ്ങളിലും എഴുതാം. 2017 ഓടെ എല്ലാ മലയാളികളെയും മെട്രിക്കുലേഷന്‍ യോഗ്യതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കേരള സാക്ഷരതാ മിഷന്‍െറ മേല്‍നോട്ടത്തില്‍ യു.എ.ഇയിലും ഖത്തറിലുമായി 10 സെന്‍ററുകളിലാണ് പരീക്ഷ നടക്കുക. അടുത്ത വര്‍ഷത്തോടെ ആദ്യ ബാച്ച് പരീക്ഷ നടത്താന്‍ തത്ത്വത്തില്‍ തീരുമാനമായതായി വിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഗോവിന്ദന്‍ കുട്ടി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തുല്യതാ പരീക്ഷയുടെ കേരളത്തിന് പുറത്തുള്ള ആദ്യ ബാച്ചിന് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ തുടക്കമായിരുന്നു. ഇത് വിജയിച്ചതോടെയാണ് പ്രവാസി സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ച് ഗള്‍ഫ് നാടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെയായിരിക്കും നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്‍െറ ഭാഗമായി എല്ലാ എമിറേറ്റുകളിലെയും സംഘടനാ പ്രതിനിധികളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.

കഴിഞ്ഞ ദിവസം ഖത്തറില്‍ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സംഘം യു.എ.ഇയിലെത്തിയത്. അടുത്തമാസം രണ്ടിന് നാട്ടിലേക്ക് തിരിക്കുന്ന സംഘം വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സന്ദര്‍ശനത്തിന്‍െറ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷമാണ് ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാവുക.

കേരളത്തില്‍ 1800 രൂപയാണ് തുല്യതാ പരീക്ഷ എഴുതാനുള്ള ഫീസ്. ഗള്‍ഫ് രാജ്യങ്ങളിലെ നിരക്ക് തീരുമാനിച്ചിട്ടില്ലെങ്കിലും 100 ദിര്‍ഹം ഈടാക്കി രജിസ്ട്രേഷന്‍ നടപടികള്‍ അടുത്തമാസം ആരംഭിക്കും. നിശ്ചിത സംഘടനാ ആസ്ഥാനങ്ങളില്‍ ഇതിന് സൗകര്യമൊരുക്കും.

ഗള്‍ഫില്‍ എസ് എസ് എല്‍സി പരീക്ഷ നടക്കുന്ന 10 സ്കൂളുകളാണ് പരീക്ഷയുടെ നടത്തിപ്പിനായി തീരുമാനിച്ചിരിക്കുന്നത്. ഇവയില്‍ ഒമ്പതെണ്ണം യു.എ.ഇയിലും ഒന്ന് ഖത്തറിലുമാണ്. മറ്റു രാജ്യങ്ങളിലും പിന്നീട് ആലോചിക്കും. അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ ലോകേഷ്, കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയെന്ന് ഗോവിന്ദന്‍ കുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളും പഠന സാമഗ്രികളും സാക്ഷരതാ മിഷന്‍ എത്തിക്കും. വിവിധ സംഘടനാകേന്ദ്രങ്ങളില്‍ ആയിരിക്കും പഠനകേന്ദ്രം. പഠിതാക്കളുടെ അവധി ദിനങ്ങളില്‍ അവര്‍ക്ക് സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്ളാസുകള്‍ സംഘടിപ്പിക്കും. ഇതുപ്രകാരം ലേബര്‍ ക്യാമ്പുകളിലും ക്ളാസുകള്‍ ഒരുക്കും. വിവരങ്ങള്‍ക്ക്: 055 6346813.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :