നവ്യാനുഭവമായി കലയുടെ ഉത്സവം ആദ്യദിനം

ചെന്നൈ| WEBDUNIA| Last Modified ശനി, 10 ജൂലൈ 2010 (19:57 IST)
WD
കലയുടെ മാമാങ്കം ആദ്യദിനം പൂര്‍ത്തിയായി. മറുനാടന്‍ മലയാളി വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനായി കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍(സി ടി എം എ) സംഘടിപ്പിച്ച ‘ഉത്സവ് 2010’ ആദ്യദിനം പിന്നിട്ടു. അറുനൂറോളം പ്രതിനിധികളുടെയും ആയിരക്കണക്കിന് കാഴ്ചക്കാരുടെയും പങ്കാളിത്തം കൊണ്ട് കലയുടെ ഉത്സവം നവ്യാനുഭവമായി.

മഴയുടെ അനുഗ്രഹത്തോടെയായിരുന്നു ഉത്സവിന്‍റെ തുടക്കം. മഴ ശക്തമായപ്പോള്‍ പരിപാടികള്‍ ആരംഭിക്കാന്‍ അല്‍പ്പം വൈകി. എന്നാല്‍ പിന്നീട്, കുട്ടികളുടെ പ്രകടനം അവിസ്മരണീയമാകാന്‍ പ്രകൃതിയും തുണച്ചു. ആറു വേദികളിലായാണ് ഇന്ന് കലാപരിപാടികള്‍ അരങ്ങേറിയത്. ഒന്നിനൊന്നു മികച്ചു നിന്ന പ്രകടനമെന്നാണ് ഓരോ പരിപാടിയെക്കുറിച്ചും ജഡ്ജസിന്‍റെ അഭിപ്രായം.
WD


ഒരു കൊച്ചുകേരളം ചെന്നൈയിലേക്ക് പറിച്ചുനട്ടതുപോലെയായിരുന്നു ഉത്സവം നടക്കുന്ന ഗ്രീംസ് റോഡിനടുത്തുള്ള ആശാന്‍ മെമ്മോറിയല്‍ സ്കൂളിലെ കാഴ്ചകള്‍. എവിടെയും മലയാളം നിറഞ്ഞു നിന്നു. മലയാളത്തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ് മത്സരാര്‍ത്ഥികളും കാഴ്ചക്കാരും.

ഒന്നാം വേദിയായ എഴുത്തച്ഛന്‍ സ്മൃതിമണ്ഡപത്തില്‍ ഭരതനാട്യവും നാടോടി നൃത്തവുമാണ് ഇന്ന് പ്രധാനമായും അരങ്ങേറിയത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രതിഭയുടെ മാറ്റുരച്ചു. രണ്ടാം വേദിയായ വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍ ലളിതഗാനമാണ് അരങ്ങേറിയത്. സൂപ്പര്‍ സീനിയര്‍ പുരുഷന്‍‌മാര്‍, സീനിയര്‍ പെണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍, സീനിയര്‍ ആണ്‍കുട്ടികള്‍, സൂപ്പര്‍ സീനിയര്‍ സ്ത്രീകള്‍ എനീ വിഭാഗങ്ങളിലായി ആയിരുന്നു കലാപ്രകടനങ്ങള്‍.
WD


മൂന്നാം വേദിയായ ആശാന്‍ സ്മൃതിമണ്ഡപത്തില്‍ ഭരതനാട്യം, സംഘനൃത്തം, മോഹിനിയാട്ടം, കൈകൊട്ടിക്കളി, നാടോടിനൃത്തം എന്നിവ അരങ്ങേറി. നാലാം വേദിയായ ഉള്ളൂര്‍ സ്മൃതിമണ്ഡപത്തില്‍ ഭരതനാട്യം, നാടോടിനൃത്തം, കേരളനടനം, സംഘനൃത്തം, പ്രച്ഛന്നവേഷം എന്നിവയാണ് നടന്നത്.

അഞ്ചാം വേദിയായ ഉണ്ണായിവാര്യര്‍ സ്മൃതിമണ്ഡപത്തില്‍ കഥാരചന, കവിതാരചന, ഉപന്യാസരചന, പെന്‍‌സില്‍ ഡ്രോയിംഗ് എന്നിവ നടന്നു. ആറാം വേദിയായ കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതിമണ്ഡപത്തില്‍ ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട് എന്നിവയായിരുന്നു പ്രധാനമത്സരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :