ടൂറിസം രംഗത്തേക്ക് മലയാളികള്‍ ക്ഷണം

മയാമി| WEBDUNIA|

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ മുതല്‍മുടക്കാന്‍ വിദേശ മലയാളികളെ സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു.

കേരളത്തില്‍ ടൂറിസം രംഗത്തുള്ള നിക്ഷേപസാധ്യതകള്‍ മുതലെടുക്കാന്‍ വിദേശ മലയാളികള്‍ മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യാ പ്രസ്ക്ലബ്‌ ഓഫ്‌ ഫ്ലോറിഡ കോറല്‍സ്പ്രിംഗ്‌ ഇന്ത്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിവര്‍ഷം സംസ്ഥാനത്തെ ടൂറിസം രംഗത്തെ വളര്‍ച്ച ധ്രുതഗതിയിലാണ്‌. ദേശീയ ശരാശരിയേക്കാളും കൂടുതല്‍ ടൂറിസ്റ്റുകള്‍ കേരളത്തില്‍ സന്ദര്‍ശനത്തിന്‌ വരുന്നുണ്ട്‌. കഴിഞ്ഞവര്‍ഷം ടൂറിസം രംഗത്ത്‌ 25 ശതമാനം അധിക വരുമാനമാണ്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌ എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മുതല്‍മുടക്കുന്നവര്‍ക്ക്‌ എല്ലാ രീതിയിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം 2008 ഡിസംബര്‍ 24,25 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന 'എന്‍റെ നാട്‌ - കേരള ടൂറിസം പ്രവാസി കൂട്ടായ്മ' എന്ന പേരിലുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എല്ലാ വിദേശ മലയാളികളേയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

സംസ്ഥാനത്തെ വ്യവസായിക രംഗത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചാണ്‌ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന എളമരം കരീം വിശദീകരിച്ചത്‌. രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഇന്നുണ്ടായിരിക്കുന്ന മാറ്റങ്ങളാണ്‌ വ്യവസായിക രംഗത്തെ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിക വികസനം കേരളത്തിന്‍റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :