ഗള്‍‌ഫില്‍ പിരിച്ചുവിടല്‍ തുടങ്ങി

ദുബായ്| WEBDUNIA|
അമേരിക്കയെയും യൂറോപ്പിനെയും പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം ഗള്‍‌ഫ് മേഖലയിലേക്കും കടക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഗള്‍‌ഫ് മേഖലയില്‍ വന്ന് ജോലിനോക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ആഘാതമേല്‍പ്പിച്ച രാജ്യങ്ങള്‍ യു.എ.ഇയാണ് മുന്‍‌പന്തിയില്‍. യു.എ.ഇയിലെ ഐടി നഗരമായ ദുബായിലാണ് ഏറ്റവും കൂടുതല്‍ പിരിച്ചുവിടല്‍ നടക്കുന്നത്.

അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജോലികള്‍ ആശ്രയിച്ച് നിലനില്‍ക്കുന്ന കമ്പനികളാണ് കൂടുതല്‍ പേരെ പുറത്താക്കുന്നത്. സാമ്പത്തിക മാന്ദ്യം കാരണം റിയല്‍ എസ്റ്റേറ്റ് രംഗവും തകര്‍ച്ചയിലാണ്. ഷോപ്പിംഗ് നഗരമായ ദുബായിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലെയും ഹോട്ടലുകളിലെയും ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.

വന്‍ തുക ബോണസായും ഓവര്‍ ടൈം വേതനമായും നല്‍‌കിയിരുന്ന കമ്പനികള്‍ അടുത്തിടെ അവ നിര്‍ത്തലാക്കിയിരുന്നു. ഇവയില്‍ ചില കമ്പനികളാവട്ടെ ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അവധിയില്‍ പോയിട്ടുള്ള വിദേശികളോട് ഇനിയൊരു അറിയിപ്പ് കിട്ടുംവരെ തിരിച്ചുവരേണ്ടതില്ല എന്ന് ചില കമ്പനികള്‍ അറിയിച്ചുകഴിഞ്ഞു.

ഗള്‍‌ഫ് മേഖലയിലുള്ള വിദേശികളില്‍ അധികം പേരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ കൂടുതല്‍ മലയാളികളും. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന പിരിച്ചുവിടല്‍ ഇന്ത്യന്‍ എക്കോണമിയെ കൂടുതല്‍ വിഷമത്തിലാക്കും. കൃഷിയോ മറ്റേതെങ്കിലും പരമ്പരാഗത തൊഴിലോ ഇല്ലാത്ത കേരളത്തിന്റെ എക്കോണമിയാവും ഈ പിരിച്ചുവിടലില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കേണ്ടി വരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :