കുവൈത്ത് വിസ: പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി

കുവൈത്ത് സിറ്റി| WEBDUNIA|
PRO
വ്യക്തമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി കുവൈത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെത്തുന്നവര്‍ ഇനി ഏത് രാജ്യത്തു നിന്നാണോ വരുന്നത് ആ രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈത്ത് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഡയറക്ടര്‍ കേണല്‍ തലാല്‍ ഇബ്രാഹിം മറാഫി പറഞ്ഞു.

താമസിക്കുന്ന രാജ്യത്തു നിന്നുള്ള പൊലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു തരത്തിലുള്ള വിസയും അനുവദിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. രാജ്യത്തിന്‍റെ പൊതുസുരക്ഷ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതെന്ന് മറാഫി പറഞ്ഞു. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വിവരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

മൂന്ന് മാസത്തില്‍ കുറഞ്ഞ സമയപരിധിക്കകം ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. വിസിറ്റിംഗ് വിസയില്‍ എത്തുന്നവര്‍ക്ക് ഇഷ്യൂ ചെയ്തതിന് ശേഷമുള്ള തീയതിയിലുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ജോലിക്കെത്തുന്നവരും വ്യാപാരത്തിനായി എത്തുന്നവരും സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് വിസയിലെത്തുന്നവരുമെല്ലാം തന്നെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. മറ്റ് രാജ്യങ്ങളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈത്തിലേക്കുള്ള മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി റാഫിദ് അല്‍-ഹസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വര്‍ക്‌ഷോപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്ത് ഹവല്ലി കോസ്റ്റഡെല്‍സോള്‍ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല മൂന്ന് ദിവസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളടക്കമുള്ളവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :