കടല്‍കടന്ന് അവരെത്തി‍; വിഎസിനെ കാണാന്‍

തിരുവനന്തപുരം| WEBDUNIA|
PRD
PRD
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴില്‍ തേടി വിദേശരാജ്യങ്ങളില്‍ താമസമാക്കിയ പ്രവാസികളുടെ മക്കള്‍ വീണ്ടും കേരളത്തിലെത്തി. ദശാബ്ദങ്ങള്‍ക്ക് മുമ്പ് യൂറോപ്പ്, അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി മക്കളാണ് വീണ്ടും സ്വദേശത്തേക്ക് സന്ദര്‍ശനത്തിനെത്തിയത്.

‘ഇന്ത്യയെ അറിയുക’ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവര്‍ കേരളത്തിലുമെത്തിയത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനൊപ്പം ചെലവഴിക്കാനും ഇവര്‍ ഏറെ സമയം കണ്ടെത്തി. പ്രവാസി മക്കളെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങള്‍ തന്നെ തലസ്ഥാന നഗരിയില്‍ സജ്ജീകരിച്ചിരുന്നു.

സംഘത്തിലെ എല്ലാവരെയും പ്രത്യേകം സ്വീകരിക്കാനും കുശലം പറയാനും സമയം കണ്ടെത്തിയ വി എസ് മക്കളെല്ലാം നല്ലപോലെ പഠിക്കണമെന്ന ഉപദേശവും നല്‍കിയാണ് യാത്രയാക്കിയത്. പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് സന്ദര്‍ശനത്തിനെത്തിയത്. കേന്ദ്ര പ്രവാസി കാര്യ വകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി കേരള വകുപ്പും ചേര്‍ന്നാണ് ഇവരെ കേരളത്തിലേക്ക് ക്ഷണിച്ചത്.

അമേരിക്ക, ദക്ഷിണാഫ്രിക്ക, സുരിനാം, ഫിജി ദ്വീപുകള്‍, കാനഡ, ന്യൂസിലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ട്രിനിഡാഡ് തുടങ്ങീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പര്യടനത്തിനെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവസി ജീവിതം തുടങ്ങിയ മിക്കവരുടെയും മക്കള്‍ ഇതുവരെ സ്വദേശം കണ്ടിട്ടില്ല.
PRD
PRD


അതേസമയം, കേരളവുമായി ബന്ധമുള്ള പ്രവാസി മക്കള്‍ സന്ദര്‍ശന സംഘത്തില്‍ ഇല്ലായിരുന്നു. എല്ലാ വിദ്യാര്‍ഥികളുടെയും വാക്കുകള്‍ ശ്രദ്ധിച്ചു കേട്ടുനിന്ന വി എസ് ഇങ്ങനെ പറഞ്ഞു, ''എല്ലാം നല്ല കാര്യം തന്നെ. നിങ്ങളും നല്ലപോലെ പഠിക്കണം. തങ്ങളുടെ അച്ഛനപ്പൂപ്പന്‍മാരുടെ വീടും നാടും അന്വേഷിച്ച് ഇവിടെ എത്തിയതില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്''. നോര്‍ക്ക റൂട്ട്‌സ് പുറത്തിറക്കിയ ഡയറക്ടറിയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

അടുത്ത പത്ത് ദിവസങ്ങളിലായി ഇവര്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. നോര്‍ക്ക വകുപ്പാണ്‌ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്‌. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസ്‌, പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, നോര്‍ക്ക ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിക്കാനെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :