ഏകീകൃത കറന്‍സി യാഥര്‍ത്ഥ്യത്തിലേക്ക്

ദമാം| WEBDUNIA| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2009 (17:31 IST)
PRO
PRO
ഏകീകൃത കറന്‍സിയെന്ന സ്വപ്‌നം സാധ്യമാക്കാന്‍ ഗല്‍ഫ് രാജ്യങ്ങള്‍ ഒരുമിക്കുന്നു. ഇതിനായി ജി സി സി (ഗള്‍ഫ് സഹകരണ കൌണ്‍സില്‍) രാജ്യങ്ങളിലെ ഗവര്‍ണര്‍മാര്‍ റിയാദില്‍ യോഗം ചേരും. സൌദി അറേബ്യക്ക് പുറമേ കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ യോഗത്തിനുള്ള തീയതി ഇതുവരെ നിശ്‌ചയിച്ചിട്ടില്ല.

കഴിഞ്ഞയാഴ്‌ച കുവൈത്തില്‍ നടന്ന ജി സി സി ഉച്ചകോടിയില്‍ ഏകീകൃത കറന്‍സിക്കുള്ള മോണിറ്ററി യൂണിയന് അംഗീകാരം നല്‍കിയിരുന്നു. ഉച്ചകോടിയുടെ തുടര്‍ നടപടിയെന്ന നിലയിലാണ് നാലു രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍ റിയാദില്‍ യോഗം ചേരുന്നത്. അതേസമയം യു എ ഇയുടെയും ഒമാന്‍റെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ഏകീകൃത കറന്‍സിയുടെ ഭാഗമായി സ്ഥാപിക്കുന്ന ജി സി സി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം തങ്ങള്‍ക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യു എ ഇ ഏകീകൃത കറന്‍സി നടപ്പാക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ നേരത്തെ തന്നെ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന ഉച്ചകോടിയില്‍ ഒമാനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.

റിയാദ് ആയിരിക്കും സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം. മോണിറ്ററി കൌണ്‍സിലിന്‍റെ ഔദ്യോഗികമായ രൂപവത്കരണം റിയാദില്‍ നടക്കുന്ന യോഗത്തിലുണ്ടായേക്കും. ഈ മോണിറ്ററി കൌണ്‍സിലാണ് പിന്നീട് ജി സി സി സെന്‍ട്രല്‍ ബാങ്കായി മാറുക.

കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള തീയതി, കറന്‍സിയുടെ പേര് തുടങ്ങിയ വിഷയങ്ങളും നാല് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും ചേര്‍ന്ന് ചര്‍ച്ച ചെയ്യും. കറന്‍സിയുടെ പേര്, മറ്റു രാജ്യങ്ങളുടെ കറന്‍സിയുമായുള്ള വിനിമയ നിരക്ക് തുടങ്ങിയ കാര്യങ്ങളില്‍ മോണിറ്ററി കൌണ്‍സിലാണ് നിര്‍ണായക തീരുമാനമെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :