സകാത്‌ സെല്ലിലൂടെ സ്വയം തൊഴില്‍

കുവൈത്ത്‌ സിറ്റി| WEBDUNIA|
PRO
കുവൈത്ത്‌ കേരള ഇസ്വ്ലാഹി സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സകാത്‌ സെല്‍ പോയവര്‍ഷത്തില്‍ 31,323 ദീനാര്‍ ശേഖരിച്ച്‌ സഹായത്തിന്‌ അര്‍ഹരായ ആളുകള്‍ക്ക്‌ വിതരണം ചെയ്തതായി ഇസ്വ്ലാഹി സെന്‍റര്‍ സാമൂഹ്യക്ഷേമ വിഭാഗം സിക്രട്ടറി ഹൈദ്രോസ്‌ ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുവൈറ്റില്‍ താമസിക്കുന്ന മലയാളി മുസ്ലിംങ്ങള്‍ക്കിടയില്‍ ഇസ്ലാമിന്‍റെ അഞ്ച്‌ അടിസ്ഥാന സ്തംഭങ്ങളില്‍ മൂന്നാമത്തേതായ സകാതിന്‍റെ പ്രാധാന്യം ബോധവത്കരിക്കുവാനും സകാത്‌ കൊണ്ട്‌ ഇസ്ലാം ഉദ്ദേശിക്കുന്ന സാമൂഹ്യ ലക്‌ഷ്യങ്ങളെ പ്രയോഗവത്കരിക്കുവാനും ഉദ്ദേശിച്ച്‌ ആരംഭിച്ച സകാത്‌ സെല്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഇത്‌ വരെയായി മൊത്തം 1,96,014.120 രൂപയുടെ സഹായം വിവിധ പദ്ധതികള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്‌.

മാരകരോഗങ്ങളുടെ ചികിത്സ, നിര്‍ധനരായ കുടുംബങ്ങള്‍ക്ക്‌ വീട്‌ നിര്‍മ്മാണം, യുവജനങ്ങള്‍ക്ക്‌ കുടുംബം പുലര്‍ത്തുവാന്‍ വരുമാനം ലഭിക്കുന്ന സ്വയം തൊഴില്‍, സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌, കടബാദ്ധ്യതകളില്‍ വിഷമിക്കുന്നവര്‍ക്കുള്ള സഹായം എന്നീ തുറകളിലാണ്‌ പ്രധാനമായും തുക ചിലവിട്ടത്‌.

പോയ വര്‍ഷത്തില്‍ രോഗചികിത്സ 68, കടബാദ്ധ്യത 16, വീട്‌ നിര്‍മ്മാണം 80, സ്വയം തൊഴില്‍ പദ്ധതി 37, പഠനസഹായം 44, മറ്റിനങ്ങള്‍ 26 എന്നിങ്ങനെ 301 അപേക്ഷകള്‍ക്ക്‌ സഹായം അനുവദിച്ചിട്ടുണ്ട്‌. സകാത്‌ സെല്‍ ആരംഭിച്ചത്‌ മുതല്‍ ഇത്‌ വരെയായി മൊത്തം 317 പേര്‍ക്ക്‌ കുടുംബത്തിന്‍റെ നിത്യച്ചിലവിന്‌ വക കണ്ടെത്തുന്ന തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സഹായം നല്‍കിയിട്ടുണ്ട്‌.

ഇതില്‍ പല പദ്ധതികളിലും ഒന്നിലധികം പേര്‍ക്ക്‌ പ്രത്യക്ഷമായും കുറെ പേര്‍ക്ക്‌ പരോക്ഷമായും തൊഴില്‍ ലഭിച്ചിട്ടുണ്ട്‌. സകാത്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമേ 29 ലക്ഷം രൂപയുടെ മറ്റ്‌ റിലീഫ്‌ പ്രവര്‍ത്തനങ്ങളും സെന്‍റര്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. അദ്ധ്യയന വര്‍ഷാരംഭത്തില്‍ ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക്‌ യൂണിഫോമും പഠനോപകരണങ്ങളുമടങ്ങുന്ന സ്കൂള്‍ കിറ്റുകള്‍, പെരുന്നാള്‍ പുതുവസ്ത്രം, നാട്ടില്‍ പാവങ്ങളെ നോമ്പ്‌ തുറപ്പിക്കുവാനുള്ള ഇഫ്താര്‍ ഇന്ത്യ തുടങ്ങിയവ ഈ സംരംഭങ്ങളില്‍ മുഖ്യമായവയാണ്‌.

കേരള നദ്‌വത്തുല്‍ മുജാഹിദീനിന്‍റെ യുവജന വിഭാഗമായ ഐ എസ്‌ എമ്മുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം മുന്‍ മന്ത്രി പി കെ കുഞ്ഞാലികുട്ടി കോഴിക്കോട്ട്‌ വെച്ച്‌ നടന്ന പരിപാടിയില്‍ നിര്‍വഹിച്ചു. സാമൂഹ്യ ക്ഷേമരംഗത്ത്‌ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പില്‍ വരുത്തുന്ന ഇസ്വ്ലാഹി സെന്റര്‍ സകാത്‌ സെല്ലുമായി സഹകരിക്കാന്‍ ഇസ്വ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് പി എന്‍ അബ്ദുള്‍ ലത്തീഫ്‌ മദനി അഭ്യര്‍ത്ഥിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :