ഷാര്‍ജയില്‍ ഇനി മുണ്ടുടുക്കാന്‍ പറ്റില്ല!

മുസ്തഫ, കുറാഞ്ചേരി (ഷാര്‍ജ)

Mundu
ഷാര്‍ജ| WEBDUNIA|
PRO
PRO
കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രമായതിനാല്‍ ഷാര്‍ജയില്‍ മുണ്ടിനും ലുങ്കിക്കും നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ പൌരന്മാരുടെ, പ്രത്യേകിച്ചും മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ പാരമ്പര്യവസ്ത്രമാണ് ഷാര്‍ജയില്‍ നിന്ന് ഈ നിരോധനത്താല്‍ പുറത്താകാന്‍ പോകുന്നത്.

നാട്ടിലായാലും വിദേശത്തായാലും ലുങ്കി ഉടുത്തില്ലെങ്കില്‍ മലയാളിക്കൊരു അസ്കിതയാണ്. ഗള്‍‌ഫില്‍ പല നാടുകളിലും ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ മലയാളികള്‍ മുണ്ട് തന്നെയാണ് ഉടുക്കാറ്‌. വേനല്‍‌ക്കാലമായാല്‍ മലയാളികള്‍ക്ക് പിന്നെ ലുങ്കി തന്നെ ശരണം!

എന്നാല്‍ മലയാളികളുടെ പരമ്പരാഗത വസ്ത്രമായ മുണ്ടും ലുങ്കിയുമൊന്നും ഇനി ഷാര്‍ജയില്‍ അണിയാന്‍ പറ്റില്ല. കാല്‍‌മുട്ടിന് താഴെയുള്ള ഭാഗം പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യക്കാര്‍ അടക്കമുള്ള ചില വിദേശികള്‍ മുണ്ടും ലുങ്കിയും പലപ്പോഴും അണിയുന്നതെന്നും ഇത് സംസ്കാരമുള്ള സമൂഹത്തിന് യോജിച്ച വസ്ത്രധാരണമല്ലെന്നും പറഞ്ഞാണ് ഷാര്‍ജ സര്‍ക്കാര്‍ ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

കുറച്ചുദിവസം മുമ്പ് ലുങ്കി അണിഞ്ഞ് വീടിന് പുറത്തുവന്ന ചിലരെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് മുണ്ടും ലുങ്കിയും അണിയുന്നതിന് ഷാര്‍ജയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തങ്ങളുടെ പാരമ്പര്യ വസ്ത്രധാരണരീതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതില്‍ ഇന്ത്യക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സാധാരണമായി വീടിന് പുറത്തിറങ്ങുമ്പോള്‍ ഒരിക്കലും മുണ്ടോ ലുങ്കിയോ ഉപയോഗിക്കാറില്ലെന്നും വീടിനുള്ളില്‍ തങ്ങള്‍ ഉപയോഗിക്കുന്ന മുണ്ടിനും ലുങ്കിക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ന്യായീകരിക്കത്തക്കതല്ലെന്നും ഇവര്‍ പറയുന്നു.

“സംസ്കാരത്തിന് യോജിച്ച തരത്തില്‍ വസ്ത്രം ധരിക്കണം എന്ന് അനുശാസിക്കുന്ന വസ്ത്രധാരണ നിയമം പത്ത് വര്‍ഷം മുമ്പ് തന്നെ നിലവില്‍ വന്നതാണ്. ഈ നിയമത്തിന് കീഴിലാണ് മുണ്ടിനും ലുങ്കിക്കും ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ചിലര്‍ മുണ്ട് കാല്‍‌മുട്ടിന് മുകളില്‍ വച്ച് ഉടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. സംസ്കാരമുള്ള ഒരു സമൂഹത്തിന് യോജിച്ച വസ്ത്രധാരണ രീതിയില്ല ഇത്” - ഷാര്‍ജ പൊലീസ് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഇന്ത്യക്കാര്‍ മാത്രമല്ല, പാകിസ്ഥാന്‍, മ്യാന്‍‌മാര്‍, മലേഷ്യ തുടങ്ങിയ നാടുകളില്‍ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ഷാര്‍ജ സര്‍ക്കാരിന്റെ മുണ്ട് നിരോധനത്തില്‍ അതൃപ്തരാണ്.

(നിങ്ങള്‍ക്കും വെബ്‌ദുനിയയില്‍ എഴുതാം - വാര്‍ത്തകള്‍, ലേഖനങ്ങള്‍, കവിത, ചെറുകഥ തുടങ്ങി നിങ്ങളുടെ സൃഷ്‌ടികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുതരിക യൂണീക്കോഡില്‍ മാറ്റര്‍ അയച്ചുതരുവാന്‍ ശ്രദ്ധിക്കുക. ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്ടിന്റെ പേര് അറിയിക്കുക. രചനകള്‍ പ്രസിദ്ധീകരണയോഗ്യമാണോ എന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം വെബ്‌ദുനിയ എഡിറ്റോറിയല്‍ ടീമിനായിരിക്കും. പ്രസിദ്ധീകരിക്കുന്ന രചനകളില്‍ നിങ്ങളുടെ പേര് ഉള്‍‌പ്പെടുത്തുന്നതായിരിക്കും)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :