പ്രവാസ കൈരളി സാഹിത്യ പുരസ്കാരം മോഹനവര്‍മ്മയ്ക്ക്

Mohana Varmma
PROPRO
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരനായ ശ്രീ കെ.എല്‍ മോഹന വര്‍മ്മയ്ക്ക്.

25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബര്‍ 13,14 തീയതികളില്‍ ഐ.എസ്സ്.സി.എം ഓഡിറ്റോറിയത്തില്‍ നടത്തുന്ന വിപുലമായ കേരളോത്സവ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തില്‍ മലയാള വിഭാഗം കണ്‍‌വീനര്‍ ശ്രീമാന്‍ എബ്രഹാം മാത്യു ശ്രീ മോഹന വര്‍മ്മയ്ക്ക് സമര്‍പ്പിക്കും.

ഓഹരി, ക്രിക്കറ്റ്, നീതി, നക്ഷത്രങ്ങളുടെ തടവുകാരി, തൃപ്പടിദാനം തുടങ്ങി നാല്‍പ്പതില്‍പ്പരം കാലിക പ്രസക്തങ്ങളായ ജനപ്രിയ നോവലുകളും ബാലസാഹിത്യ കൃതികളും റോസ്മേരി, നമ്മള്‍ പഥികര്‍ തുടങ്ങി പതിനഞ്ചോളം കഥാ സമാഹാരങ്ങളും പ്രൊഫസറുടെ ലോകം, അനശ്വരതയുടെ ഗാഥ തുടങ്ങിയ ഹാസ്യ കൃതികളും ബുദ്ധന്‍ പിറന്ന മണ്ണില്‍, പ്രൊഫസര്‍ ഇന്‍ അമേരിക്ക തുടങ്ങിയ യാത്രാ വിവരണങ്ങളും മോഹന വര്‍മ്മയുടേതായുണ്ട്. കേരള സാഹിത്യ അക്കാഡമിയുടേത് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവ് കൂടിയാണ് അദ്ദേഹം.

ശ്രീ പെരുമ്പടവം ശ്രീധരന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി.ദേവന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, സേതു, സി.രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുള്ളത്.

കേരളോത്സവത്തോട് അനുബന്ധിച്ച് നവംബര്‍ 13 ന് വൈകിട്ട് ഐ.എസ്.സി.എം ഓഡിറ്റോറിയത്തില്‍ വച്ച് ഗള്‍ഫിലെ എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഗള്‍ഫ് മലയാള സമ്മേളനം ശ്രീ മോഹന വര്‍മ്മ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരായ ശ്രീ ശത്രുഘ്നന്‍ ‘കഥയും കാലവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും.

സമാന്തരങ്ങള്‍ എന്ന കഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരവും മധുരാപുരിയുടെ തര്‍ജ്ജമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ഏറെക്കാലം ഗള്‍ഫില്‍ ചെലവഴിച്ച ശ്രീ ശത്രുഘ്നന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവായ ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ശ്രീ രാം മോഹന്‍ പാലിയത്ത്, എന്‍.ടി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കുന്നതായിരിക്കും.

രണ്ടാം ദിവസം നവംബര്‍ 14 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന കവിതാ സമ്മേളനത്തില്‍ ശ്രീ രാം മോഹന്‍ പാലിയത്ത് കവിത അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിടും. അംഗങ്ങളും അതിഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.

വൈകുന്നേരം 7.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ വച്ച് പുരസ്കാര സമര്‍പ്പണവും തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

മസ്കറ്റ്| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :