പ്രവാസികള്‍ക്ക് വോട്ട്; വിദേശത്ത് ആഹ്ലാദം

ദുബൈ| WEBDUNIA| Last Modified ബുധന്‍, 3 ഫെബ്രുവരി 2010 (13:52 IST)
PRO
PRO
പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെ പ്രവാസി സംഘടനകള്‍ സ്വാഗതം ചെയ്തു. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ തീരുമാനിച്ചതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും അഭിനന്ദിച്ചുകൊണ്ട് വിവിധ പ്രവാസി സംഘടനകള്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രവാസി ഭാരതീയര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനത്തെ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് (ഫോമ) സ്വാഗതം ചെയ്തു. വോട്ടവകാശം ലഭിച്ചാല്‍ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതില്‍ പ്രവാസി മലയാളികള്‍ നിര്‍ണായക ശക്തിയായി മാറുമെന്നാണ് കരുതുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുവാനുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഫൊക്കാന വക്താക്കള്‍ അറിയിച്ചു. പ്രവാസി ഭാരതീയരുടെ നിരന്തരമായ ഈ ആവശ്യം അടുത്തു വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സഫലമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിദേശ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദം പകരുന്നതാണ്.

വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവരവരുടെ നാട്ടില്‍ വന്നോ അല്ലെങ്കില്‍ അതാത് രാജ്യത്ത് വെച്ചോ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. അമേരിക്ക, ഈജിപ്റ്റ്, സുഡാന്‍, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി തുടങ്ങി പ്രമുഖ രാജ്യങ്ങള്‍ പ്രവാസികളുടെ വോട്ടിന് പ്രാധാന്യം നല്‍കുന്നവരാണ്. അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യയിലെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നില്ല.

പ്രവാസി വോട്ടവകാശ വാദവുമായി ഇതിന് മുമ്പും പ്രധാനമന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗള്‍ഫ് സന്ദര്‍ശനത്തിനിടെ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയെന്നല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഇതിന് മുമ്പും പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് സന്ദര്‍ശന വേളയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് മന്‍‌മോഹന്‍ വാഗ്ദാനം നല്‍കി.

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കണമെങ്കില്‍ 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ അമ്പതാം സെക്‍ഷന്‍ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതു സംബന്ധിച്ച ബില്ല് മൂന്നു വര്‍ഷം മുന്‍പ് പാര്‍ലമെന്‍റില്‍ വന്നിരുന്നുവെങ്കിലും പിന്നീടുള്ള കടമ്പകള്‍ കടക്കാനായിട്ടില്ല.

അന്ന് പാര്‍ലമെന്‍റ് സബ്ജകമ്മിറ്റിക്കു വിട്ട ഈ ബില്ലില്‍ ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ല. പ്രവാസി സംഘടനകള്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കോടതി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ വ്യക്തമായ മറുപടി കോടതിക്ക് നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :