ദുബായില്‍ ലൈസന്‍സ് ഇനി എളുപ്പം

ദുബായ്‌| WEBDUNIA|
PRO
PRO
നാട്ടില്‍ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാരുടെയെല്ലാം സ്വപ്നമാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ്. ഇന്ത്യന്‍ നിരത്തുകളില്‍ വണ്ടിയോടിച്ച് പയറ്റി തെളിഞ്ഞവരാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ ലൈസന്‍സ് സ്വന്തമാക്കുക എന്നത് ഇന്ത്യന്‍ ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം ട്രാഫിക് ബ്ലോക് നിറഞ്ഞ റോഡിലെ വണ്ടിയോട്ടമായിരുന്നു.

ലൈസന്‍സ് കിട്ടാനുള്ള നൂലാമാലകളായിരുന്നു പലരെയും റിവേഴ്സ് ഗിയറിലാക്കിയിരുന്നത്. എന്നാല്‍ ഗള്‍ഫ് ലൈസന്‍സ് എന്ന സ്വപ്നവുമായി മലയാളികളടക്കമുള്ള ഡ്രൈവര്‍മാര്‍ക്ക് ദുബായിയുടെ മടിത്തട്ടില്‍ ഇനി നിര്‍ഭയം പറന്നിറങ്ങാം. ഇതിനായി ആധുനിക സൌകര്യങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് പ്രവാസികളുടെ ഈ അദ്‌ഭുതലോകം.

അടുത്ത മാസം ആദ്യം മുതല്‍ ഇതിനായുള്ള ആധുനിക സംവിധാനങ്ങള്‍ ദുബായില്‍ പ്രവര്‍ത്തനക്ഷമമായി തുടങ്ങും. ഡ്രൈവിംഗ് ലൈസന്‍സും വണ്ടികളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമടക്കം ഒട്ടേറെ സേവനങ്ങള്‍ക്കുള്ള ഏകീകൃത സംവിധാനമായ 'ഇന്‍ജാസ്' ഡിസംബര്‍ ആറു മുതല്‍ വിലവില്‍ വരും.

ഇതോടെ ദുബായില്‍ നിലവിലുള്ള ഡ്രൈവര്‍മാര്‍ക്കും പുതുതായി ഡ്രൈവര്‍മാരാകാന്‍ എത്തുന്നവര്‍ക്കും ലൈസന്‍സ് എടുക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാകും.‘ഇന്‍ജാസ്’ രംഗത്തു വരുന്നതുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റ് സംവിധാനത്തിന്‍റെ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ‘ഇന്‍ജാസ്’ നിലവില്‍ വരുന്നതോടെ ഇനിമുതല്‍ ഏത് എമിറേറ്റില്‍നിന്നും ലൈസന്‍സ് കരസ്ഥമാക്കാന്‍ കഴിയും.

കൂടാതെ വാഹനങ്ങളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റടക്കം 13 സേവനങ്ങള്‍ ഇന്‍ജാസ് വഴി ലഭ്യമാവുകയും ചെയ്യും. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ട്രാഫിക് കോ ഓഡിനേഷന്‍ ജനറല്‍ ഡയറക്‌ടറേറ്റ് മേധാവി കേണല്‍ ഗൈത്ത് സആബിയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശികള്‍ക്ക് വിസയുള്ള എമിറേറ്റില്‍നിന്ന് മാത്രമേ ഇതുവരെ ലൈസന്‍സ് എടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, പുതിയ മാറ്റത്തോടെ ലൈസന്‍സെടുത്ത രാജ്യത്തു നിന്ന് മാത്രമല്ല ഏത് എമിറേറ്റില്‍നിന്നും ഇനിമുതല്‍ ലൈസന്‍സ് പുതുക്കാനും കഴിയും. അപേക്ഷിക്കുന്ന എമിറേറ്റില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ശാഖ പ്രവര്‍ത്തിക്കണമെന്നു മാത്രം. കൂടാതെ അപേക്ഷിക്കാന്‍ കഴിയുന്ന തസ്തികയില്‍ ഉള്ളവരുമായിരിക്കണം. ഇതൊക്കെ റെഡിയാണോ, എങ്കില്‍ ഇനി വണ്ടി ഫസ്റ്റ് ഗിയറിലിട്ടൊളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :