ഗള്‍ഫ് അനാശാസ്യം: റിക്രൂട്ടിംഗ് സജീവം

Sexual Abuse
കൊച്ചി| WEBDUNIA|
PRO
PRO
വീട്ടുജോലിക്കായി ഗള്‍ഫ് നാടുകളിലെത്തിക്കുന്ന മലയാളി യുവതികളിലേറെയും റിക്രൂട്ടിംഗ് ഏജന്‍സികളുടെ കബളിപ്പിക്കപ്പെടലിനും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം റിക്രൂട്ടിംഗ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് അനധികൃതമായ റിക്രൂട്ട് ചെയ്യപ്പെട്ട മുന്നൂറോളം മലയാളി സ്ത്രീകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

വീട്ടുവേലയ്ക്കായും മറ്റും റിക്രൂട്ട് ചെയ്യപ്പെട്ട ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്നതായാണ് വിവിധ ഏജന്‍സികളില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ടയിലെ ഒരു പുരുഷനും കാസര്‍കോട്ടെ ഒരു സ്ത്രീയും ചേര്‍ന്ന് യു‌എ‌ഇയില്‍ സെക്സ് റാക്കറ്റ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ സ്ത്രീ കേരള ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സെക്സ് റാക്കറ്റ് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഐ‌ജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യങ്ങള്‍ അന്വേഷിപ്പിക്കണമെന്ന് ഇവര്‍ കോടതിയോടാവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി‌ആര്‍ രാമന്‍, ജസ്റ്റിസ് സി‌എന്‍ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ വശീകരിക്കുകയാണ് സെക്സ് റാക്കറ്റിലെ എജന്‍റുമാര്‍ ചെയ്യുന്നത്. ഈ കുടുംബങ്ങള്‍ക്ക് ചെറിയൊരു തുകയും ഇവര്‍ അനുവദിക്കും. ഗള്‍ഫിലെത്തിയാല്‍ ഉടനെ പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെടും. ഈ ഏജന്‍റുമാരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ഇവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല.

പ്രമുഖ വ്യവസായികള്‍ക്കും ഷെയ്ഖുമാര്‍ക്കുമാണ് പെണ്‍‌കുട്ടികളെ ഏജന്‍റുമാര്‍ കാഴ്ചവയ്ക്കുന്നത്. എതിര്‍ക്കുന്നവര്‍ ക്രൂരമായ പീഡനത്തിനിരയാകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തും. സെക്സ് റാക്കറ്റ് നടത്തുന്ന സ്ത്രീ സംസ്ഥാനത്ത് തിരിച്ചെത്തിയെന്ന വിവരം ലഭിച്ചിട്ടും പൊലീസ് ഇവര്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ആരോപണമുണ്ട്.

മുപ്പത് വയസില്‍ താഴെയുള്ള യുവതികളെ വീട്ടുജോലിക്ക് വിദേശരാജ്യങ്ങളിലെത്തിക്കരുതെന്ന നിയമം കാറ്റില്‍പറത്തി പ്രതിവര്‍ഷം ആറായിരത്തിലേറെ യുവതികളെ കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തുന്നതായാണ് അനൗദ്യോഗിക കണക്കുകള്‍.

റിക്രൂട്ടിംഗ് ഏജന്‍സികളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി അനാശാസ്യത്തിന് കൂട്ടുനില്‍ക്കേണ്ടി വരുന്ന അല്പം ചില മലയാളി യുവതികളെ ഗള്‍ഫിലെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രവാസികാര്യവകുപ്പ് നാട്ടിലെത്തിക്കാറുണ്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണമല്ല. കുടുംബജീവിതം തുലാസിലാകുമെന്ന ഭയത്തില്‍ ഇവരാരും കബളിപ്പച്ചവര്‍ക്കെതിരെ രേഖാമുലം പരാതിപ്പെടാന്‍ തയ്യാറാകാറുമില്ല. ഗള്‍ഫില്‍ മലയാളികളടങ്ങുന്ന സംഘമാണ് ഇവരെ അനാശ്യാസപ്രവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതെന്നാണ് പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ചിലര്‍ അറിയിച്ചത്.

വീട്ടുവേലക്കായി കൊണ്ടുവരുന്ന സ്ത്രീകള്‍ ലൈംഗികമായി കൈയ്യേറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ 30 വയസില്‍ താഴെയുളള സ്ത്രീകളെ വിദേശത്ത് വീട്ടുജോലിക്ക് അയയ്ക്കുന്നത് നിയമം മൂലം നിരോധിച്ചിരുന്നു.

ഈ നിയമത്തെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ മറികടന്നാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്നത്. ബ്യൂട്ടീഷ്യന്‍, തയ്യല്‍, ഹെയര്‍ഡ്രെസര്‍, സെയിത്സ് ഗേള്‍സ് തുടങ്ങിയ തസ്തികകളില്‍ ഒഴിവുള്ളതായി കാട്ടിയാണ് യുവതികളെ ആകര്‍ഷിക്കുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള മുദ്രകള്‍ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ വ്യാജമായി പതിച്ചാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ യുവതികളെ കടത്തുന്നതെന്നും ആരോപണമുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള യുവതികളെ കൂടാതെ റഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളടങ്ങുന്ന വന്‍ സംഘത്തോടൊപ്പം ഇവരെ പഞ്ചനക്ഷത്ര ഫ്ലാറ്റുകളിലാണ് പാര്‍പ്പിച്ചിരുന്നത്. പാസ്പോര്‍ട്ട് അടക്കമുള്ള യാത്രരേഖകള്‍ ഇവരില്‍ നിന്ന് കൈവശപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് ഇവരെ അനാശാസ്യത്തിന് പ്രേരിപ്പിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :