ഗള്‍ഫിലെ ജോലിയും വിവാഹത്തട്ടിപ്പും

WEBDUNIA|
PRO
ഗള്‍ഫില്‍ ജോലിയുള്ള പയ്യന്‍‌മാര്‍ക്ക് കേരളത്തിന്‍റെ കല്യാണമാര്‍ക്കറ്റില്‍ ഏറെ വിലയുള്ള ഒരു കാലമുണ്ടായിരുന്നു. ചെക്കന് ഗള്‍ഫിലാണു ജോലിയെന്നു കേട്ടാലുടനെ മറ്റൊന്നും ആലോചിക്കാതെ മകളെ വിവാഹം കഴിച്ച് അയയ്ക്കുന്ന മാതാപിതാക്കള്‍ ഇക്കാലത്ത് അധികമില്ല. കാരണം ഗള്‍ഫിന്‍റെ മാറ്റ് കുറഞ്ഞിരിക്കുന്നു. ‘എന്തു ജോലി? ഏതു കമ്പനി? എത്ര ശമ്പളം’ ഈ മൂന്നു ചോദ്യങ്ങളും ഇന്ന് ഗള്‍ഫുകാര്‍ക്കു നേരെ ഉയരുന്നു, മുമ്പ് അത് ഉണ്ടായിരുന്നില്ല.

എന്നാല്‍, നാടും നാട്ടാരും പുരോഗമിച്ചിട്ടും ഗള്‍ഫിന്‍റെ പേരില്‍ ഇപ്പോഴും വിവാഹത്തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നതാണ് വാസ്തവം. ഗള്‍ഫില്‍ വലിയ ജോലിയുണ്ടെന്നും വന്‍ ശമ്പളമുണ്ടെന്നും പറഞ്ഞ് കല്യാണം കഴിക്കുകയും സത്യാവസ്ഥ ഇതൊന്നുമല്ലാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇന്നും ഏറെയാണ്. കേരളത്തിന്‍റെ വടക്കന്‍ മേഖലകളിലാണ് പെണ്‍കുട്ടികള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്.

ലക്ഷക്കണക്കിന് രൂപ മാസശമ്പളം ഉണ്ടെന്നായിരിക്കും വിവാഹ ആലോചന വേളയില്‍ പയ്യനും വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചിരിക്കുക. ഗള്‍ഫിലെ ജോലിയെക്കുറിച്ചോ ശമ്പളത്തിന്‍റെ രീതിയെക്കുറിച്ചോ ധാരണയില്ലാത്തവര്‍ ഇത്തരം വലകളില്‍ കുടുങ്ങുകയും ചെയ്യുന്നു. ഗള്‍ഫില്‍ ജോലിയുള്ള പയ്യന്‍റെ വിവാഹ ആലോചന വന്നാല്‍ അതേക്കുറിച്ച് ഗള്‍ഫില്‍ അന്വേഷണം നടത്താനുള്ള കഴിവോ ബന്ധങ്ങളോ ഇല്ലാത്തവരാണ് തട്ടിപ്പില്‍ കുടുങ്ങുക.

50000 രൂപ ശമ്പളമുണ്ട് എന്നു പറയുമ്പോള്‍ സാധാരണക്കാരായ പെണ്‍‌വീട്ടുകാര്‍ അത് വിശ്വസിക്കുന്നു. ചിലപ്പോള്‍ അത് സത്യമായിരിക്കുകയും ചെയ്യും. എന്നാല്‍ വിദേശരാജ്യങ്ങളിലെ വിനിമയ നിരക്കില്‍ അത് കണക്കുകൂട്ടാനുള്ള പക്വത പെണ്‍‌കുട്ടികളുടെ വീട്ടുകാര്‍ കാട്ടേണ്ടതാണ്. ഉദാഹരണത്തിന് 50000 രൂപ ശമ്പളം ഉണ്ടെന്നു പറയുന്ന ചെക്കനോട് ‘എത്ര ദിര്‍ഹമാണ് നിങ്ങള്‍ക്ക് ലഭിക്കുക’ എന്ന് അന്വേഷിക്കുക. കാരണം വിനിമയ നിരക്കില്‍ വന്‍‌ഇടിവും ഉയര്‍ച്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

50000 രൂപ ഇപ്പോള്‍ ഉള്ള പയ്യന് ആറുമാസം കഴിയുമ്പോള്‍ അത്രയും ഉണ്ടായിരിക്കുമോ എന്നതില്‍ ഉറപ്പില്ലെന്ന് സാരം. ശമ്പളത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് രീതികളിലും വ്യാജമായ അവകാശവാദങ്ങളോടെ ഗള്‍ഫ് മേഖലകളില്‍ നിന്ന് വിവാഹാലോചനകള്‍ എത്തുന്നതിനെ കരുതിയിരിക്കുക. പയ്യന്‍റെ സ്വഭാവം, കുടുംബപശ്ചാത്തലം എന്നിവ വ്യക്തമായി അന്വേഷിക്കാതെ ഇത്തരം ബന്ധങ്ങള്‍ക്ക് തുനിഞ്ഞാല്‍ അബദ്ധം പറ്റുക സ്വാഭാവികം. ഇത്തരം അബദ്ധങ്ങള്‍ക്ക് കൊടുക്കേണ്ടി വരിക ഒരു ജീവിതത്തിന്‍റെ വിലയാണെന്ന് ഓര്‍ക്കുക.

ഗള്‍ഫില്‍ നിന്നും ഒരു വിവാഹാലോചന വന്നാല്‍ അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് ആദ്യം വേണ്ടത്. ഏതു കമ്പനിയിലാണ് ജോലിയെന്നും എന്താണ് കമ്പനിയില്‍ പയ്യന്‍റെ ജോലിയെന്നും വ്യക്തമായി ചോദിച്ചു മനസിലാക്കുക. അതിനു ശേഷം ഈ കമ്പനിയെക്കുറിച്ച് ഇന്‍റര്‍നെറ്റിലൂടെയോ ഗള്‍ഫിലുള്ള ബന്ധുക്കള്‍ - സുഹൃത്തുക്കള്‍ വഴിയോ അന്വേഷിക്കുക. പ്രശസ്തമായ കമ്പനിയാണെങ്കില്‍ അതേക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റിലുണ്ടാകും.

ഗള്‍ഫിലുള്ള പരിചയക്കാര്‍ മുഖേന അന്വേഷിക്കുമ്പോള്‍ ‘എന്താണ് പയ്യന്‍റെ പോസ്റ്റ്’ എന്ന് ചോദിച്ചറിയുക. സ്ഥിരമായ ജോലിയാണോ?, കോണ്‍‌ട്രാക്ട് ആണോ?, ജോലിയില്‍ പ്രവേശിച്ചിട്ട് എത്ര നാളായി? തുടങ്ങിയവയൊക്കെ അന്വേഷിക്കുക. ഗള്‍ഫില്‍ മാത്രമല്ല, നാട്ടില്‍ പയ്യന്‍റെ ബന്ധുക്കളെക്കുറിച്ചും അവരുടെ സ്ഥിതിയെക്കുറിച്ചും അന്വേഷിക്കുക. പയ്യന്‍റെ പേരിലുള്ള സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നതിലെ അനൌചിത്യത്തെക്കുറിച്ച് ഓര്‍ത്തിട്ട് കാര്യമില്ല. കാരണം, പെണ്‍കുട്ടിയുടെ ജീവിതത്തിന്‍റെയും അവളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങളുടെയും സുരക്ഷയ്ക്കായാണ് ഇത്തരം അന്വേഷണങ്ങള്‍ എന്ന് മാത്രം ചിന്തിക്കുക.

ഗള്‍ഫില്‍ ജോലിയുള്ള പയ്യന്‍റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചും കൃത്യമായ അറിവ് ആവശ്യമാ‍ണ്. നിലവിലുള്ള ജോലി നഷ്ടപ്പെട്ടാല്‍ മറ്റെവിടെയെങ്കിലും ലഭിക്കാനുള്ള യോഗ്യതയുള്ളയാളാണോ എന്നത് അറിഞ്ഞിരിക്കണം. ആലോചന ഇഷ്ടപ്പെട്ടാല്‍, പയ്യനുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്തുക. ആളുടെ സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ ചിത്രം ലഭിക്കുന്നതിന് അത് സഹായകമാകും. എല്ലാം കൊണ്ടും ‘നല്ലത്’ എന്നു തോന്നിയാല്‍ ധൈര്യമായി മുന്നോട്ടുപോവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :