കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത്‌സിറ്റി| WEBDUNIA| Last Modified ബുധന്‍, 26 നവം‌ബര്‍ 2008 (11:03 IST)

കുവൈറ്റ് മന്ത്രിസഭ ചൊവ്വാഴ്‌ച രാജിവെച്ചു. പാര്‍ലമെന്‍റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മന്ത്രിസഭ രാജിവച്ചത്.

മന്ത്രിസഭ രാജിവെച്ചതോടെ തിരഞ്ഞെടുപ്പ്‌ നേരത്തേ നടത്തേണ്ടിവരും. പ്രധാനമന്ത്രി ശൈഖ്‌ നാസര്‍ മുഹമ്മദ്‌ അല്‍ അഹമ്മദ്‌ അല്‍ സബയോട്‌ തത്‌കാലം സ്ഥാനത്തു തുടരാന്‍ അമീര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

അസംസ്‌കൃത എണ്ണയുടെ വിലയിടിവിനെത്തുടര്‍ന്ന്‌ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രാജ്യം ഇതോടെ പുതിയ പ്രതിസന്ധിയിലായി. അമീര്‍ ശൈഖ്‌ സബ അല്‍-അഹമ്മദ്‌ അല്‍ സബയ്‌ക്ക്‌ മന്ത്രിസഭ രാജിക്കത്ത്‌ നല്‍കിയിട്ടുണ്ട്.

ഇറാന്‍കാരനായ ഷിയ പുരോഹിതന്‌ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനെച്ചൊല്ലിയാണ്‌ അഭിപ്രായഭിന്നതയുണ്ടായത്‌. ഷിയ പുരോഹിതന്‌ നിയമപരമായ വിലക്കുണ്ടായിരുന്നു.

ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ശൈഖ്‌ നാസര്‍ മുഹമ്മദ്‌ അല്‍-അഹമ്മദ്‌ അല്‍-സബയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാത്തതിനെച്ചൊല്ലി ചൊവ്വാഴ്‌ച സഭയില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന്‌ മന്ത്രിമാര്‍ ഇറങ്ങിപ്പോയി. പിന്നീട്‌ അടിയന്തര യോഗം ചേര്‍ന്നു രാജി നല്‍കുകയാണുണ്ടായത്‌.

അമീര്‍ രാജി സ്വീകരിച്ചതായി അറിവായിട്ടില്ല. രാജി സ്വീകരിക്കുകയാണെങ്കില്‍ കുവൈത്ത്‌ നിയമമനുസരിച്ച്‌ അമീറിനു പുതിയ മന്ത്രിസഭ രൂപവത്‌കരിക്കുകയോ പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയോ ചെയ്യാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :