എം.വി.നായര്‍ക്ക് കേരളകലാകേന്ദ്രം ഗ്ലോബല്‍ അവാര്‍ഡ്

തിരുവനന്തപുരം:| WEBDUNIA|

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും എം.ഡിയുമായ എം.വി.നായര്‍ക്ക് കേരള കലാകേന്ദ്രം ഗ്ലോബല്‍ അവാര്‍ഡ് ലഭിച്ചു. വിവിധ മേഖലകളില്‍ ലോകനിലവാരമുള്ള പ്രവര്‍ത്തനം നടത്തുന്ന മലയാളികളെ ആദരിക്കാനാണ് കേരള കലാകേന്ദ്രം പുരസ്കാരം നല്‍കുന്നത്.

വിവിധ മേഖലകളില്‍ ശ്രദ്ധേയവും വിജയകരവുമായ പ്രവര്‍ത്തനം നടത്തുന്ന പ്രവാസി മലയാളികള്‍ക്കുള്ള കേരള കലാകേന്ദ്രം സുവര്‍ണ്ണ ബഹുമതിക്ക് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ടോം വടക്കന്‍, കുവൈറ്റിലെ അല്‍ ഹുക്കുക്ക് ഇന്‍റര്‍നാഷണല്‍ സി.ഇ.ഒ കെ.എസ്. കാദര്‍ പിള്ള, അമേരിക്കയിലെ ഗ്ലോബ് റേഞ്ചര്‍ കോര്‍പ്പറേഷന്‍ സി.ഇ.ഒ ജോര്‍ജ്ജ് ബ്രോഡി, എന്നിവര്‍ അര്‍ഹരായി.

സുവര്‍ണ്ണമുദ്ര പതിപ്പിച്ച ശില്‍പ്പവും പൊന്നാടയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. ഒക്‍ടോബര്‍ പതിനൊന്നിന് തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പണം നടത്തുമെന്ന് കലാകേന്ദ്രം സെക്രട്ടറി കെ.ആനന്ദ് കുമാര്‍ അറിയിച്ചു.

ബാങ്കിംഗ് രംഗത്ത് 30 വര്‍ഷത്തെ പരിചയമുള്ള എം.വി.നായര്‍ 1970 ല്‍ കോര്‍പ്പറേഷന്‍ ബാങ്കിലാണ് ജോലിക്ക് ചേര്‍ന്നത്. ദേനാ ബാങ്കിന്‍റെ ചെയര്‍മാനും എം.ഡിയുമായിരുന്നു. യൂണിയന്‍ ബാങ്കിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഇപ്പോള്‍ പ്രോജക്‍ട് നവ്‌നിര്‍മ്മാണ്‍ എന്നൊരു പദ്ധതി നടപ്പാക്കി വരുന്നു.

തൃശൂരില്‍ 1958 ല്‍ ജനിച്ച ടോം എ.ഐ.സി.സി യുടെ മാധ്യമ ചുമതലയുള്ള സെക്രട്ടറിയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദേശീയ പ്രശ്ന പരിഹാര സെല്ലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം കാനൂസ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ചെയര്‍മാനും എം.ഡിയുമായ കാദര്‍ പിള്ള ഖുര്‍ദിസ്ഥാന്‍, ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ നിര്‍മ്മാണ ഉരുക്ക് വ്യവസായങ്ങളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കൊല്ലം സ്വദേശിയായ ജോര്‍ജ്ജ് ബ്രോഡി ഐ.എസ്.ആര്‍.ഒ യിലെ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലെത്തിയത്. ഇപ്പോള്‍ ടെക്സാസ് സര്‍വ്വകലാശാലയുടെ ഡാലസ് മാനേജ്‌മെന്‍റ് സ്കൂളിന്‍റെ ഉപദേശക സമിതി അംഗമാണ്.

മുന്‍ യു.എന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, ലോകബാങ്ക് ഡയറക്‍ടര്‍ ജനറല്‍ ഡോ.വിനോദ് തോമസ്, ഗാനരചയിതാവ് കെ.ആനന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :