ഹാജരാവാത്ത പൈലറ്റുമാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (16:10 IST)
നാലുദിവസം നീണ്ടു നിന്ന സമരം പിന്‍‌വലിച്ചിട്ടും ജോലിക്ക് ഹാജരാവാത്ത പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ ഒരു വിഭാഗം പൈലറ്റുമാര്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം വരെ ജോലിക്ക് ഹാജരാവാത്ത പൈലറ്റുമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് മാനേജ്മെന്റിന്റെ നീക്കം. ഹാജരാവാത്തവരെ പിരിച്ചുവിടാനും പൈലറ്റ് ലൈസന്‍സ് റദ്ദാക്കാനും സിവില്‍ ഏവിയേഷന്‍ ഡയറക്ടറോട് ആവശ്യപ്പെടുമെന്നും എയര്‍ ഇന്ത്യ മാനേജ്മെന്റ് വ്യക്തമാക്കി.

ശമ്പളം വെട്ടിക്കുറയ്ക്കില്ല എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സമരം തുടങ്ങി അഞ്ചാം ദിവസമായ ബുധനാഴ്ചയാണ് പൈലറ്റുമാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച 180 പൈലറ്റുമാര്‍ രോഗാവധി എടുത്തതോടെയാണ് സമരം തുടങ്ങിയത്.

സമരത്തെ തുടര്‍ന്ന് ബുധനാഴ്ച വരെ 128 സര്‍വീസുകള്‍ റദ്ദാക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് നിര്‍ബന്ധിതമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :