സിഡി വ്യാജമല്ല, ശാന്തിഭൂഷണ്‍ കുടുങ്ങും?

ന്യൂഡല്‍ഹി| WEBDUNIA|
PRO
അണ്ണാ ഹസാരെ സംഘത്തിന് പ്രമുഖ നിയമവിദഗ്ധരായ ശാന്തി ഭൂഷണെയും മകന്‍ പ്രശാന്ത് ഭൂഷണെയും നഷ്ടമാകുമോ? സുപ്രീംകോടതിയിലെ ഒരു ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ കഴിയും എന്ന് ശാന്തിഭൂഷണ്‍ പറയുന്ന സിഡി കൃത്രിമമല്ല എന്ന് കേന്ദ്ര ഫോറന്‍സിക് ലാബ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.

സുപ്രീംകോടതിയിലെ ഒരു ജഡ്ജിയെ നാലു കോടി രൂപ കോഴ കൊടുത്ത് സ്വാധീനിക്കാന്‍ തന്റെ മകന്‍ പ്രശാന്ത് ഭൂഷന് കഴിയുമെന്ന് ശാന്തിഭൂഷണ്‍ പറയുന്ന വിവാദ സിഡി ജനലോക്പാല്‍ സമരം കൊടുമ്പിരികൊണ്ട സമയത്തായിരുന്നു പുറത്തിറങ്ങിയത്. സിഡിയിലെ സംഭാഷണങ്ങള്‍ പലയിടത്തു നിന്ന് മുറിച്ച് ചേര്‍ത്തതാണെന്നായിരുന്നു ശാന്തി ഭൂഷന്റെ നിലപാട്. ഇതെ കുറിച്ച് ശാന്തി ഭൂഷണ്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയും സിഡി കൃത്രിമമാണെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

ശാന്തി ഭൂഷണ്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവുമായും അമര്‍ സിംഗുമായും നടത്തിയ സംഭാഷണമായിരുന്നു വിവാദ സിഡിയില്‍ ഉണ്ടായിരുന്നത്. ഇത് പാര്‍ട്ടിയുടെ മുന്‍ നേതാവ് അമര്‍ സിംഗ് ആണ് പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ആരോപണം. പിതാവിനെ ന്യായീകരിച്ചുകൊണ്ട് മകന്‍ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിരുന്നു.

സിഡി പുറത്തുവന്നതോടെ ശാന്തി ഭൂഷണ്‍ ലോക്പാല്‍ കരട് സമിതിയില്‍ നിന്ന് രാജിവയ്ക്കണം എന്ന ആവശ്യം ശക്തമായിരുന്നു. സിഡി വ്യാജമാണെന്ന നിലപാടില്‍ ഉറച്ചു നിന്ന ഭൂഷണ്‍ തനിക്കെതിരെ വ്യാജ സിഡി പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഭൂഷണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസാണ് സിഡി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :