വോട്ടെടുപ്പ്: ബംഗാളില്‍ 4 മരണം

നന്ദിഗ്രാം| WEBDUNIA|
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ നാലു മരണം. രണ്ടു പേര്‍ സംഘര്‍ഷത്തിലും മറ്റ് രണ്ടു പേര്‍ സൂര്യാഘാതമേറ്റുമാണ് മരിച്ചത്. മുര്‍ഷിദാബാദ് ജില്ലയിലെ ഈരോളി ഗ്രാമത്തില്‍ ഒരു സി പി എം പ്രവര്‍ത്തകര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചു. വോട്ടുചെയ്ത് മടങ്ങുകയായിരുന്ന ഇയാള്‍ക്കു നേരെ അക്രമികള്‍ ബോംബെറിയുകയായിരുന്നു. അസന്‍സോള്‍ ജില്ലയില്‍ സി പി എം - തൃണമൂല്‍ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയില്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ നിന്ന രണ്ടു പേര്‍ സൂര്യാഘാതമേറ്റു മരിച്ചു. നന്ദിഗ്രാമില്‍ സിപി‌എമ്മിന്‍റെ അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അനുയായികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൂത്തുകളില്‍ നിന്ന് അകലെ ഗ്രാമീണ മേഖലകളിലാണ് സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ അക്രമ സംഭവങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയില്‍ പെടുന്ന അധികാരിപരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് തലയില്‍ വെടിയേല്‍ക്കുകയായിരുന്നു എന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇവരെ ഖേജുരി ബ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നന്ദിഗ്രാമില്‍ രണ്ടിടത്ത് ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധികാരിപരയെ കൂടാതെ ഗോകുല്‍ നഗറിലും സംഘര്‍ഷമുണ്ടായി. രണ്ടിടത്തും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :