വിവാഹം നേരത്തെ നടത്തൂ, ബലാത്സംഗം തടയാം: ഓം പ്രകാശ്‌ ചൗട്ടാല

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
ഹരിയാനയില്‍ കൂട്ടബലാത്സംഗങ്ങള്‍ പതിവാകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതേക്കുറിച്ച് മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ്‌ ചൗട്ടാല നടത്തിയ വിചിത്രമായ പരാമര്‍ശം വിവാദമായി. പെണ്‍കുട്ടികളെ വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ തടയാം എന്നാണ് ചൗട്ടാലയുടെ കണ്ടുപിടുത്തം.

“പഴമയില്‍ നിന്ന് നാം പാഠം ഉള്‍ക്കൊള്ളണം. മുഗള്‍ ഭരണകാലത്ത് പ്രത്യേകിച്ചും പെണ്‍കുട്ടികളെ വളരെ നേരത്തെ വിവാഹം കഴിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു“- ചൗട്ടാല പറഞ്ഞു.

വയസ്സ് 15 ആകുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാനത്തെ ഖാപ്‌ പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്ന അഭിപ്രായം. ഈ നിലപാടിനെയാണ് ചൌട്ടാലയും പിന്തുണയ്ക്കുന്നത്. ഖാപ്‌ പഞ്ചായത്തിന്റെ നിലപാ‍ടിനോട് താനും യോജിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ചൌട്ടാലയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഖാപ്‌ പഞ്ചായത്തുകള്‍ക്ക്‌ നിയമം കൈയിലെടുക്കാന്‍ അധികാരമില്ല എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 14 ബലാത്സംഗക്കേസുകളാണ് ഒരു മാസത്തിനിടെ ഹരിയാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :