ലാപ്ടോപ്പ് പെരുമഴ പെയ്യിക്കാന്‍ ഡി‌എംകെ!

ചെന്നൈ| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ തമിഴ്നാട്ടില്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. ഡിഎംകെ വീണ്ടും അധികാരത്തിലേറുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ്പ് നല്‍കുമെന്നാണ് മുഖ്യമന്ത്രി എം കരുണാനിധി പ്രഖ്യാപിച്ചിരിക്കുന്നത്.

പട്ടികജാതി‍, ഒബിസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലാപ്ടോപ്പ് നല്‍കുമെന്നാണ് ഡി എം കെയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ് നല്‍കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

58 വയസ്സ് പൂര്‍ത്തിയായ എല്ലാവരെയും മുതിര്‍ന്ന പൌരന്മാരായി കണക്കാക്കി ബസ്സില്‍ സൌജന്യ യാത്ര അനുവദിക്കുമെന്നും കരുണാനിധി പറഞ്ഞു.

ഡി എം കെയെ വീണ്ടും വിജയിപ്പിച്ചാ‍ല്‍ പ്രകടന പത്രികയില്‍ ഉള്ളതിനേക്കാള്‍ നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ലഭ്യമാക്കും. കുടിലുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഇപ്പോഴത്തെ പദ്ധതി 2006-ലെ പ്രകടന പത്രികയില്‍ ഇല്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1957 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തുടങ്ങിയ കരുണാനിധി ഒരിക്കല്‍ പോലും പരാജയം രുചിച്ചിട്ടില്ല. താന്‍, കുട്ടിക്കാലം ചെലവഴിച്ച തിരുവാരൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്നും കരുണാനിധി പറഞ്ഞു. ചെപ്പോക്ക് മണ്ഡലമുപേക്ഷിച്ചാണ് കരുണാനിധി ഇത്തവണ തിരുവാരൂര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :