രജപക്സെയുടെ സംഘത്തില്‍ പിടികിട്ടാപ്പുള്ളിയും

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സയെ അനുഗമിച്ച ഒരു മന്ത്രി ചെന്നൈ പൊലീസ് തേടുന്ന കുറ്റവാളിയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിനെ അനുഗമിച്ച ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ചെന്നൈയില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.

ദേവാനന്ദ ഈളം പീപ്പിള്‍സ് റവലൂഷനറി ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരിക്കെ 1986 ല്‍ ചെന്നൈയിലെ ചൂളൈമേടില്‍ നടത്തിയ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ദേവാനന്ദ ഉള്‍പ്പെട്ട സംഘം നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ക്ക് പരുക്ക് പറ്റുകയും പരുക്കേറ്റ തിരുനാവുക്കരശ് എന്നയാള്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു.

കൊലപാതകം, കൊലപാതക ശ്രമം, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ദേവാനന്ദയ്ക്കും സംഘത്തിനുമെതിരെ ചെന്നൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ ആദ്യ ഘട്ടങ്ങളില്‍ കോടതിയില്‍ ഹാജരായിരുന്നു എങ്കിലും 1994 ആയപ്പോഴേക്കും ദേവാനന്ദ ഒളിവില്‍ പോയി.

1989 ല്‍ ഒരാളെ തട്ടിക്കൊണ്ടു പോയ കേസില്‍ കില്‍പ്പോക്ക് പൊലീസ് സ്റ്റേഷനിലും 1990 ല്‍ ഒരാളെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടമ്പക്കം പൊലീസ് സ്റ്റേഷനിലും ദേവാനന്ദയ്ക്കെതിരെ കേസ് നിലവിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :