മോഡിക്ക് ധാര്‍മ്മിക അവകാശം നഷ്‌ടപ്പെട്ടെന്ന്

ന്യൂഡല്‍ഹി| WEBDUNIA|
ഗുജറാത്ത് കലാപത്തിന് മുഖ്യമന്ത്രി നരേന്ദ്രമോഡി പിന്തുണ നല്‍കിയെന്ന തെഹല്‍ക റിപ്പോര്‍ട്ട് പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരുവാനുള്ള ധാര്‍മ്മികമായ അവകാശം മോഡിക്ക് നഷ്‌ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ്.

‘ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുവാനുള്ള മോഡിയുടെ ധാര്‍മ്മികമായ എല്ലാ അവകാശങ്ങളും, ഭരണഘടനപരമായ അധികാരവും നഷ്‌ടപ്പെട്ടിരിക്കുകയാണ്. തെഹല്‍കയുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെ ഫലമായി 2002 ല്‍ നടന്ന മുസ്ലീം വംശഹത്യയുടെ പിറകില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമായിരുന്നുവെന്ന് വ്യക്തമായി.

ബി.ജെ.പിയിലെ നേതാക്കള്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൌനം പാലിക്കുകയാണ്. ഇതു വരെ ഈ സംഭവത്തെക്കുറിച്ച് അപലപിക്കുവാ‍ന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായിട്ടില്ല- കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

ഗുജറാത്ത് കലാപം മുഖ്യമന്ത്രി മോഡിയുടെ പിന്തുണയോടെയാണെന്ന് തെഹല്‍ക വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് കലാപം മോഡിയുടെ അനുഗ്രഹത്തോടെയാണ് അരങ്ങേറിയതെന്ന് തങ്ങള്‍ മുമ്പ് പറഞ്ഞതിനെ സാധൂകരിക്കുന്നതാണ് തെഹല്‍കയുടെ വെളിപ്പെടുത്തലെന്നും കോണ്‍ഗ്രസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :