സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിച്ച് മായാവതി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ പാഴാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. അമേഠിയില്‍ ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു രാഹുല്‍.
“പ്രതിമകള്‍ക്കും ആനകള്‍ക്കും (ബിഎസ്‌പി ചിഹ്നം) സ്ഥാനമുള്ളത് പോലെ വികസനത്തിനും വൈദ്യുതിക്കും കൂടി സ്ഥാനമുണ്ട്”, സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് മായാവതിയുടെയും കാന്‍ഷിറാമിന്റെയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെ രാഹുല്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിനു ശേഷം രാഹുലിന്റെ ആദ്യ അമേഠി സന്ദര്‍ശനമാണിത്.
അമേഠിയിലെ വൈദ്യുതി പ്രതിസന്ധിയെ കുറിച്ചുള്ള പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയതായിരുന്നു രാഹുല്‍. സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും അതിനായി അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണം എന്നും അമേഠി എം പി പ്രസംഗ മധ്യേ പറഞ്ഞു.
എന്നാല്‍, യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും മായാവതിയും ഉള്‍പ്പെട്ട പ്രശ്നത്തെ കുറിച്ച് രാഹുല്‍ മൌനം പാലിച്ചു. മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയ കേസില്‍ റീത്തയെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.