രാജ്യത്തെ നഗരങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ സംസ്‌ഥാനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ തേടി പൊലീസ്. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് ആളുകള്‍ ആണ് ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നത്.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവ വഴിയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. “ ഓഗസ്റ്റ് 20 ഓടെ ഉഗ്രകലാപം ഉണ്ടാകാന്‍ പോകുകയാണ്. കഴിഞ്ഞ ദിവസം മുസ്ലിം മതവിശ്വാസികള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. റംസാന് ശേഷം വടക്കുകിഴക്കന്‍ സംസ്‌ഥാനക്കാരെ കൊന്നൊടുക്കാനാണ് അവരുടെ തീരുമാനം. ഈ എസ് എം എസ് എല്ലാ വടക്കുകിഴക്കന്‍ സംസ്‌ഥാനക്കാര്‍ക്കും ഫോര്‍വേഡ് ചെയ്യുക”- മൊബൈലില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെ. ഇത്തരം എസ്എംഎസുകള്‍ കണ്ട് ഭയപ്പാടിലായവരാണ് പലായനം ചെയ്യുന്നത്.
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി കനത്തശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് പാര്‍ലമെന്റില്‍ അറിയിച്ചു.