പ്രവാസിവോട്ട് ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി| WEBDUNIA|
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള സുപ്രധാന ബില്‍ രാജ്യസഭ പാസാക്കി. ഇനി ലോക്‌സഭ കൂടി പാസാക്കുന്നതോടെ ബില്ലിന് നിയമ പ്രാബല്യം ലഭിക്കും. പാര്‍ലമെന്‍റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. സഭ തടസ്സപ്പെടാതിരുന്നാല്‍ ചൊവ്വാഴ്ച തന്നെ ബില്‍ പാസാക്കി നിയമമാക്കാന്‍ കഴിയുമെന്ന് വയലാര്‍ രവി പറഞ്ഞു. രാജ്യസഭയില്‍ നിയമമന്ത്രി വീരപ്പമൊയ്‌ലിയാണ് ബില്‍ അവതരിപ്പിച്ചതും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞതും.

രാജ്യത്ത് സ്ഥിരതാമസമില്ലാത്ത ഇന്ത്യക്കാര്‍ക്കും വോട്ടെടുപ്പ് വേളയില്‍ നാട്ടിലുണ്ടെങ്കില്‍ സമ്മതിദാനാവകാശം ബില്ലില്‍ ഉറപ്പു വരുത്തുന്നു. ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തിന് ബില്‍ ഏറെ ഗുണകരമാകുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസികളുടെ പേര് വോട്ടര്‍ പ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് 1950 ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി മൊയ്‌ലി പറഞ്ഞു. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പ്രവാസികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് വോട്ടര്‍പ്പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള വകുപ്പാണ് തത്കാലം ഭേദഗതി ചെയ്യുന്നതെന്നും സ്ഥാനാര്‍ഥിയാകുന്നകാര്യം മറ്റൊരു ചട്ടത്തിന് കീഴിലാണ് വരികയെന്നും അദ്ദേഹം വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :