പ്രകൃതിവിരുദ്ധ പീഡനം, കൊലപാതകം-പ്രായപൂര്‍ത്തിയാകാത്ത പ്രതിയ്ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയ്ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം ഫയല്‍ ചെയ്തു. കേസിലെ ആറാം പ്രതിയാണ് ഇയാള്‍. ഡല്‍ഹി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് കുറ്റപത്രം ഫയല്‍ ചെയ്തത്.

ബോര്‍ഡ് ഫെബ്രുവരി 14ന് കേസില്‍ വാദം കേള്‍ക്കും. സീല്‍ ചെയ്ത കവറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയ്ക്ക് കുറ്റപത്രത്തിന്റെ കോപ്പി നല്‍കും. ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ആണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് പ്രതി മൈനറാണെന്ന് ബോര്‍ഡ് വിധിച്ചത്. 1995 ജൂണ്‍ നാല് ആണ് പ്രതിയുടെ ജനന തീയതി. അതായത് കുറ്റം ചെയ്യുമ്പോള്‍ പ്രതിയുടെ പ്രായം 17 വയസ്സും ആറ് മാസവും. അതിനാല്‍ ഈ പ്രതിയെ മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം സാകേതിലെ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാന്‍ സാധിക്കില്ല.

കേസിലെ ആറ് പ്രതികളില്‍ പെണ്‍കുട്ടിയോട് ഏറ്റവും നീചമായി പെരുമാറിയത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജയിലില്‍ അയക്കാന്‍ സാധിക്കില്ല. പകരം ജുവനൈല്‍ ഹോമില്‍ ആയിരിക്കും പാര്‍പ്പിക്കുക. എന്നാല്‍ ജൂണില്‍ 18 വയസ്സ് തികയുന്നതോടെ പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തുവിടുകയും ചെയ്യും. ജൂണില്‍ പ്രതിയ്ക്ക് സുഗമമായി പുറത്തിറങ്ങാം എന്ന് ചുരുക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :