പീഡനവിവാദം: തെളിവുണ്ടെന്ന് പൊലീസ്

ഹൈദ്രാബാദ്:| WEBDUNIA|
വെസ്റ്റ് ഗോദാവരിയിലെ നിദഡാവൊലുവിലെ ടിവിആര്‍ നഴ്സിംഗ് നഴ്സിംഗ് കോളജില്‍ പഠിച്ചിരുന്ന മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ ടിഡിപി എം എല്‍ എയായ ടി വി രാമറാവു മാനഭംഗപ്പെടുത്തിയ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ പൊലീസ്. കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ രാമറാവു ശ്രമിച്ചിട്ടുണ്ടെന്ന് എന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ആന്ധ്രാപ്രദേശിലെ മനുഷ്യാവകാശ കമ്മീഷനോട് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

‘മലയാളി വിദ്യാര്‍ത്ഥിനികള്‍ നല്‍‌കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നഴ്സിംഗ് കോളജിലെ മറ്റ് വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തുവെങ്കിലും അവരാരും ഒരു തെളിവും തരികയുണ്ടായില്ല. എന്നാല്‍ വിശാഖപട്ടണത്തുനിന്ന് വന്ന് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ തുമ്പ് ലഭിച്ചു. അന്വേഷിച്ചതില്‍ നിന്ന് രാമറാവു ഒരു വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞു. കേസിപ്പോള്‍ സി‌ഐ‌ഡി വകുപ്പിന്റെ പക്കലാണ്’ - പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേസിലെ പ്രതിയായ രാമറാവു താന്‍ നിരപരാധിയാണെന്ന് അറിയിക്കാന്‍ ഇന്നലെ ഗവര്‍ണര്‍ എന്‍ ഡി തിവാരിയെ കാണാന്‍ എത്തിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനോടൊപ്പമാണ് ഗവര്‍ണറെ കാണാന്‍ രാമറാവു എത്തിയത്. ഒരു തെളിവുമില്ലാതെ പോലീസ്‌ തന്റെ മേല്‍ ക്രിമിനല്‍ കേസുകള്‍ കെട്ടിവെക്കുകയാണെന്ന് പറഞ്ഞ രാമറാവു അലറിക്കരഞ്ഞുകൊണ്ട് ഗവര്‍ണറുടെ കാലുപിടിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

ഇതിനിടെ, കേന്ദ്രം കേസില്‍ ഇടപെട്ടേക്കുമെന്ന് സൂചനകളുണ്ട്. ഒരു ക്രിമിനല്‍ എം എല്‍ എയെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുകയും അയാള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ കഠിന ഭാഷയില്‍ വിദേശകാര്യമന്ത്രി വയലാര്‍ രവി വിമര്‍ശിച്ചത് കേസ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്നു.

രാമറാവുവിനെതിരെ പരാതി നല്‍‌കിയിരിക്കുന്ന അഞ്ച് മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കും സര്‍ക്കാര്‍ കൊളേജുകളില്‍ സീറ്റ് നല്‍‌കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ സുധാ രമണി ഹൈദരാബാദില്‍ പ്രസ്താവിച്ചു. ഇവര്‍ക്ക് വേണ്ട താമസ - ഭക്ഷണ സൌകര്യങ്ങള്‍ സൌജന്യമായി നല്‍‌കുമെന്നും സുധാ രമണി അറിയിച്ചിട്ടുണ്ട്.

ആന്ധ്രയിലെ കോണ്‍‌ഗ്രസ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ നടത്തുന്ന സാക്ഷി ടെലിവിഷന്‍ ചാനലാണ് പീഡന വാര്‍ത്ത ആദ്യമായി പുറത്ത് വിട്ടത്. നാല് വിദ്യാര്‍ത്ഥിനികളാണ് കുടുംബാംഗങ്ങളോടൊപ്പം ഹൈദരാബാദില്‍ എത്തി, പരാതി നല്‍‌കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി സബിത ഇന്ദിര റെഡ്ഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സി‌ഐ‌ഡി വകുപ്പ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് വിദ്യാര്‍ഥിനികള്‍ മാനഭംഗത്തിനിരയായതെന്ന് പറയപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :