നളിനി നേരത്തെയുള്ള മോചനത്തിന് ഹര്‍ജി നല്‍കി

ചെന്നൈ| WEBDUNIA|
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ നേരത്തെയുള്ള മോചനം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ബുധനാഴ്‌ച ഹര്‍ജി നല്‍കി. നളിനിയ്‌ക്ക് വേണ്ടി അവരുടെ അഭിഭാഷകന്‍ ദുരൈമുരുകനാണ് ഹര്‍ജി നല്‍കിയത്.

നളിനി ജയിലില്‍ തടവ് അനുഭവിച്ച 18 വര്‍ഷവും നല്ല പെരുമാറ്റമാണ് കാഴ്‌ചവെച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മാര്‍ച്ച് 19 ന് നളിനിയെ ജയിലില്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്.

‘വിഷമിക്കേണ്ട. ഞാന്‍ എല്ലാം മറന്നിരിക്കുന്നു’, പ്രിയങ്ക നളിനിയുടെ കൈ പിടിച്ച് ജയിലില്‍ വച്ച് പറഞ്ഞു.രാജീവിനെ തമിഴ്പുലികള്‍ വധിക്കുവാന്‍ പോകുകയാണെന്ന് അവസാന നിമിഷം വരെ അറിയില്ലായിരുന്നുവെന്ന് നളിനി പ്രിയങ്കയെ അറിയിച്ചിരുന്നു.

രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് തന്‍റെ മാതാവ് സോണിയ ഗാന്ധി മാപ്പു നല്‍കിയതു പോലെ പ്രിയങ്കയും മാപ്പു നല്‍കിയതായി വിശ്വസിക്കുന്നതായി നളിനിയുടെ മറ്റൊരു അഭിഭാഷകനായ ദുരൈസ്വാമി ഒരു അഭിമുഖത്തില്‍ കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.

നളിനിയെ സന്ദര്‍ശിച്ച പ്രിയങ്കയ്‌ക്ക് പിന്തുണയുമായി അവരുടെ സഹോദരന്‍ രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. പകയിലും വിദ്വേഷത്തിലും തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :