ടുജി: ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം അഴിമതിയില്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിനെതിരെ സിബിഐ അന്വേഷണം ഉണ്ടാവില്ല. ചിദംബരത്തിനെതിരെ അന്വേഷണം വേണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

ചിദംബരത്തിനെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അദ്ദേഹം ലാഭമുണ്ടാക്കിയതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി, അണ്ണാ ഹസാരെ സംഘാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ വാദങ്ങള്‍ കോടതി പൂര്‍ണ്ണമായി തള്ളി. ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന ഡല്‍ഹി പട്യാല ഹൗസ് സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവയ്കുകയായിരുന്നു.

ടുജി ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെപ്പോലെ തന്നെ ചിദംബരത്തിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വാമി വാദിച്ചത്. രാജയെപ്പോലെ തന്നെ സ്വകാര്യ ടെലികോം കമ്പനികളെ ചിദംബരവും സഹായിച്ചു എന്നും ഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈസന്‍സ് ലഭിച്ച സ്വാന്‍, ടെലിനോര്‍ എന്നീ കമ്പനികള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഓഹരികള്‍ വില്‍ക്കാന്‍ അദ്ദേഹം അനുമതി നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ടുജിയെ വെല്ലാന്‍ കല്‍ക്കരിപ്പാടം അഴിമതിയെന്ന പുതിയ ഭൂതം കുപ്പിയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ചിദംബരത്തിനും കേന്ദ്രസര്‍ക്കാരിനും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :