ഗോവ:ബി.ജെ.പി സുപ്രീംകോടതിയെ സമീപിക്കും

പനാജി| WEBDUNIA|
ഗോവയില്‍ ദിഗംബര്‍ കാ‍മത്ത് മന്ത്രിസഭ വിശ്വാസ വോട്ട് കരസ്ഥമാക്കിയ രീതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന ഗോവ ഡെമോക്രാറ്റിക് അലയന്‍സ് തീരുമാനിച്ചു.

ഇതിനു പുറമെ തങ്ങള്‍ക്ക് പിന്തുണ വാഗ്‌ദാനം ചെയ്തിട്ടുള്ള എല്ലാ എം‌എല്‍‌എമാരെയും ഒരിക്കല്‍ കൂടി രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന് മുന്നില്‍ അണിനിരത്താനാണ് ഗോവ ഡെമോക്രാറ്റിക് അലയന്‍സിന്‍റെ തീരുമാനം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് എം‌എല്‍‌എമാര്‍ ഡല്‍‌ഹിയിലേക്ക് യാത്ര തിരിക്കുമെന്നും മുന്നണി വക്‍താവ് അറിയിച്ചു.

ഗോവയില്‍ ജനാ‍ധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇത് രാഷ്‌ട്രപതിയെ ബോധ്യപ്പെടുത്താനാണ് എം‌എല്‍‌എമാരെ ഒരിക്കല്‍ കൂടി അവര്‍ക്ക് മുമ്പാകെ അണിനിരത്തുന്നതെന്നും ബി.ജെ.പി വ്യക്തമാക്കി.

കോണ്‍ഗ്രസ് മന്ത്രിസഭക്കുള്ള പിന്തുണ മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടി പിന്‍‌വലിച്ചതും കോണ്‍ഗ്രസ് എം‌എല്‍‌എ വിക്‍ടോറിയ ഫെര്‍ണാണ്ടസ് നിയമസഭ അംഗത്വം രാജിവെച്ചതിനെയും തുടര്‍ന്ന് കാമത്ത് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടപ്പോള്‍ ബി.ജെ.പി തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എം‌എല്‍‌എമാരെ രാഷ്‌ട്രപതിക്ക് മുന്നില്‍ അണിനിരത്തിയിരുന്നു.

തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ദിഗംബര്‍ കാമത്ത് മന്ത്രിസഭ വിജയിച്ചിരുന്നു. സ്പീക്കര്‍ പ്രതാപ് സിംഗ് റാണെ അനുകൂലമായി വോട്ടും ചെയ്തതും മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ രണ്ട് എം‌എല്‍‌എമാരെയും, നിയമസഭ അംഗത്വം രാജിവെച്ച കോണ്‍ഗ്രസ് എം‌എല്‍‌എ വിക്‍ടോറിയ ഫെര്‍ണാണ്ടസിനെയേയും അയോഗ്യരാക്കിയതാണ് കാമത്ത് മന്ത്രിസഭയെ രക്ഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :