കൂടുതല്‍ സമയം വേണമെന്ന് അമിത് ഷാ

ഗാന്ധിനഗര്‍| WEBDUNIA|
ഗാന്ധിനഗര്‍: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം വേണമെന്നും മുന്‍‌കൂറായി ചോദ്യാവലി വേണമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ സിബിഐയോട് ആവശ്യപ്പെട്ടു. എന്നാല്‍, ചോദ്യാവലി നല്‍കാന്‍ കഴിയില്ല എന്ന് മന്ത്രിയുടെ അഭിഭാഷകരെ അറിയിച്ചു.

മന്ത്രി സിബിഐയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാവുന്നതിനു പകരം അഭിഭാഷകരെയാണ് അയച്ചത്. സിബിഐ ഓഫീസിലെത്തിയ അഭിഭാഷകര്‍ തന്റെ കക്ഷിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷ നല്‍കുകയും ചെയ്തു. 2005 ല്‍ ആണ് ഭീകരവാദിയെന്ന് മുദ്രകുത്തിയ സൊഹ്‌റാബുദ്ദീനെ ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

കേസ് വളരെ പഴയത് ആയതിനാല്‍ തന്റെ കക്ഷിക്ക് ചോദ്യാവലി മുന്‍‌കൂറായി നല്‍കണമെന്നും മറുപടികള്‍ തയ്യാറാക്കാനായി കൂടുതല്‍ സമയം നല്‍കണമെന്നും സിബിഐയെ അറിയിച്ചതായി അഭിഭാഷകര്‍ വെളിപ്പെടുത്തി. എന്നാല്‍, മന്ത്രി ഹാജരാവുമോ എന്ന ചോദ്യത്തോട് അഭിഭാഷകര്‍ പ്രതികരിച്ചില്ല.

അമിത് ഷാ വ്യാഴാഴ്ച ഒരുമണിക്ക് ഉള്ളില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. എന്നാല്‍, മന്ത്രി ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് രണ്ടാമതും സമന്‍സ് അയയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :