ആയുധ ഇടപാടിന് പ്രതിരോധ ഏജന്‍സിയുടെ സമ്മതം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (11:36 IST)
PRO
ഇന്ത്യയുമായുള്ള 647 മില്യന്‍ ഡോളറിന്‍റെ ആയുധ ഇടപാടിന് അമേരിക്കന്‍ പ്രതിരോധ സുരക്ഷാ ഏജന്‍സിയുടെ സമ്മതം. യുഎസ് കോണ്‍ഗ്രസില്‍ ഇടപാടിനെ സാധൂകരിച്ച് നല്‍കിയ വിശദീകരണത്തിലാണ് പ്രതിരോധ സുരക്ഷാ ഏജന്‍സി ഇടപാടിന് സമ്മതം മൂളിയിരിക്കുന്നത്. അമേരിക്കന്‍ നിര്‍മ്മിതമായ 145 ഹോവിറ്റ്സറുകളാണ് വാങ്ങാന്‍ ഒരുങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ ഇടപാടിലൂടെ കൂടുതല്‍ ശക്തമാകുമെന്ന് യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ സുരക്ഷാ ഏജന്‍സി വിശദീകരിച്ചു.

ഷെല്ലുകള്‍ ഉള്‍പ്പെടെ വര്‍ഷിക്കാന്‍ കഴിയുന്ന വമ്പന്‍ തോക്കുകളാണ് ഹൊവിറ്റ്സര്‍. എം 777 വിഭാഗത്തില്‍ പെടുന്ന 155 എംഎം ലൈറ്റ് വെയ്റ്റ് ഹൊവിറ്റ്സര്‍ ആണ് ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ സ്ഥിരതയും, സാമ്പത്തിക പുരോഗതിയും, സമാധാനവും കണക്കിലെടുക്കുമ്പോള്‍ ദക്ഷിണേഷ്യയിലെ ഒരു നിര്‍ണ്ണായക ശക്തിയാണ് ഇന്ത്യയെന്ന് കോണ്‍ഗ്രസിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിരോധ സുരക്ഷാ ഏജന്‍സി വിലയിരുത്തുന്നു.

ഹോവിറ്റ്സറുകള്‍ സായുധ സേനയെ നവീകരിക്കുന്നതിനായിട്ടാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം വിപുലപ്പെടുത്തുന്നതിലൂടെ യുഎസിന്‍റെ വിദേശനയത്തിനും സുരക്ഷയ്ക്കും ഇത് കൂടുതല്‍ സംഭാവനകള്‍ നല്‍കുമെന്നും ഏജന്‍സി വിശദീകരിക്കുന്നു. ഇടപാട് മേഖലയിലെ ആയുധ സന്തുലിതാവസ്ഥ തെറ്റിക്കുന്നില്ലെന്നും ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിലവില്‍ അമേരിക്കന്‍ മറൈന്‍ സുരക്ഷാ വിഭാഗത്തിന് 380 ഹോവിസ്റ്ററുകളും കരസേനയ്ക്ക് 273 ഹോവിസ്റ്ററുകളുമാണ് ഉള്ളത്. ഓസ്ട്രേലിയയും കാനഡയും മാത്രമാണ് യുഎസിനെ കൂടാതെ അമേരിക്കന്‍ നിര്‍മ്മിത എം 777 ഹോവിസ്റ്ററുകള്‍ സ്വന്തമായുള്ള വിദേശരാജ്യങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :