ആം ആദ്മിയില്‍ ഭിന്നത; മന്ത്രിയാക്കാത്തതിനെതിരേ എം എല്‍ എ രംഗത്ത്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭ അധികാരമേല്‍ക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പാര്‍ട്ടിയില്‍ ഭിന്നത. മന്ത്രിയാക്കാത്തതിനെതിരെ എംഎല്‍എ വിനോദ്കുമാര്‍ ബിന്നി രംഗത്തെത്തി. നാളെ വാര്‍ത്താ സമ്മേളനം നടത്തി സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിന്നി ഭീഷണി മുഴക്കി. വിനോദ്കുമാര്‍ ബിന്നി മന്ത്രിയാവുമെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു.
ഇതുമൂലം ബിന്നി വലിയ പ്രതീക്ഷയാണ് വച്ചു പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഏഴ് അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ചപ്പോള്‍ ബിന്നിയുടെ പേരുണ്ടായിരുന്നില്ല. ഇതാണ് ബിന്നിയെ പ്രകോപിതനാക്കിയതെന്നാണ് സൂചനകള്‍. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ മനീഷ് സിസോദിയ, സോമനാഥ് ഭാരതി, സൗരഭ് ഭരദ്വാജ്, സത്യേന്ദ്ര ജയിന്‍, ഗിരീഷ് സോണി, രാഖി ബിര്‍ള എന്നിവരാണ് മന്ത്രിമാരാവുക. ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ബിന്നി വിജയിച്ചത്.
ഇത് രണ്ടാം തവണയാണ് ബിന്നി ഇതേ മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നത്. സ്വതന്ത്രനായി 2007ലാണ് ബിന്നി ആദ്യം ലക്ഷ്മി നഗറില്‍ നിന്നും വിജയിച്ചത്. പിന്നീട് 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും 20011ല്‍ പാര്‍ട്ടി വിട്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പിന്നീടാണ് ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാവുന്നത്.