അമിതാഭ് ഓസീസ് ഡോക്ടറേറ്റ് നിരസിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 30 മെയ് 2009 (15:43 IST)
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഓസ്ട്രേലിയയില്‍ നടക്കുന്ന വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ചു.

സിനിമയ്ക്കും വിനോദത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ വിലയിരുത്തിയാണ് അമിതാഭിന് ഡോക്ടറേറ്റ് നല്‍കാന്‍ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാല തീരുമാനിച്ചത്. ജൂലൈയില്‍ ബ്രിസ്ബണില്‍ വച്ച് അമിതാഭ് ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ബോളിവുഡ് താരത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനും തീരുമാനിച്ചിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത് ഞെട്ടലുണ്ടാക്കുന്നു. ബഹുമതി നല്‍കുന്ന സ്ഥാപനത്തോടുള്ള ബഹുമാനത്തില്‍ കുറവൊന്നുമില്ല. എന്നാല്‍, സ്വന്തം നാട്ടുകാരോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടുമ്പോള്‍ ആ രാജ്യത്തു നിന്നുള്ള ബഹുമതി സ്വീകരിക്കാന്‍ മന:സാക്ഷി അനുവദിക്കുന്നില്ല, ബച്ചന്‍ തന്‍റെ ബ്ലോഗില്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നു വരികയാണ്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശരവണ്‍ എന്ന വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :