സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 ജനുവരി 2026 (12:24 IST)
പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മേയറെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
'തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചാല്‍, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നായിരുന്നു' തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, പ്രധാനമന്ത്രി എത്തിയപ്പോള്‍ മേയര്‍ക്ക് ആ പട്ടികയില്‍ ഇടമില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നില്‍? അതോ ശ്രീ. വി.വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം 'സ്റ്റാറ്റസ്' ഇല്ലാത്ത ആളാണോ? ഇക്കാര്യത്തില്‍ വരുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല.-മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'വികസന ബ്ലൂ പ്രിന്റ്' എവിടെ? 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ഇവിടെയും ആവര്‍ത്തിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.