സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 26 ജനുവരി 2026 (09:43 IST)
77 മത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം. ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് പ്രസിഡന്റ് ദ്രൗപതി മുര്‍മു നേതൃത്വം നല്‍കും. റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥികളായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. 1950 ജനുവരി 26നാണ് ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്.
അതേസമയം ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് അതിനെ പ്രതിരോധിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും നവകേരളത്തിനും പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറണമെന്നും മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ ഉജ്ജ്വല സ്മരണകള്‍ പുതുക്കുന്ന ഈ റിപ്പബ്ലിക് ദിനത്തില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും ഫെഡറല്‍ തത്വങ്ങളും തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല; മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ്. 'നാനാത്വത്തില്‍ ഏകത്വം' എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രതയാണ് ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നത്- മുഖ്യമന്ത്രി പറഞ്ഞു.