TCS Nashik Case: നിർബന്ധിത മതപരിവർത്തനം, കോർപ്പറേറ്റ് ജിഹാദ്?, എന്താണ് ടിസിഎസ് നാഷിക് കേസ്
കമ്പനിക്കുള്ളില്‍ ശുചീകരണ തൊഴിലാളികളായി വേഷം മാറിയ വനിതാ ഉദ്യോഗസ്ഥര്‍ 40 ദിവസത്തോളം നടത്തിയ ഓപ്പറേഷനാണ് ടിസിഎസിനുള്ളിലെ രഹസ്യങ്ങള്‍ പുറത്തെത്തിച്ചത്.
നാസിക്കിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ബിപിഒ യൂണിറ്റില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യയാകെ ചര്‍ച്ചയായിരിക്കുകയാണ്. 2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ നാഷിക് ടിസിഎസില്‍ ലൈംഗികാതിക്രമങ്ങളും മതപരിവര്‍ത്തനശ്രമങ്ങളും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോര്‍പ്പറേറ്റ് സംവിധാനം മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെട്ടെന്ന ഗുരുതരമായ ആരോപണമാണ് നാഷിക് ടിസിഎസിനെതിരെ ഉയരുന്നത്.
കമ്പനിക്കുള്ളില്‍ ശുചീകരണ തൊഴിലാളികളായി വേഷം മാറിയ വനിതാ ഉദ്യോഗസ്ഥര്‍ 40 ദിവസത്തോളം നടത്തിയ ഓപ്പറേഷനാണ് ടിസിഎസിനുള്ളിലെ രഹസ്യങ്ങള്‍ പുറത്തെത്തിച്ചത്. ബലാത്സംഗം, ലൈംഗികാതിക്രമം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 12-ഓളം ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ 9 എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2026 ഫെബ്രുവരിയില്‍ ഒരു ഹിന്ദു യുവതി റംസാന്‍ വ്രതം അനുഷ്ടിക്കുന്നതായി പോലീസിന് പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് ആരംഭിക്കുന്നത്.
ഇതിന് പിന്നാലെ നാസിക് പോലീസ് കമ്മീഷണര്‍ സന്ദീപ് കര്‍ണിക്കിന്റെ നേതൃത്വത്തില്‍ 40 ദിവസം നീണ്ടുനിന്ന രഹസ്യ നിരീക്ഷണം പോലീസ് ആരംഭിച്ചു. ഇതിനായി ആറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണ തൊഴിലാളികളായി വേഷം മാറി ഓഫീസിനുള്ളില്‍ തെളിവുകള്‍ ശേഖരിച്ചു. മാര്‍ച്ച് 26ന് ദിയോലാലി ക്യാമ്പ് പോലീസ് സ്റ്റേഷനില്‍ ആദ്യ FIR രജിസ്റ്റര്‍ ചെയ്തു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ടീം ലീഡര്‍ ഡാനിഷ് ഷെയ്ഖിനെതിരെ പോലീസ് കേസെടുത്തു. എട്ട് വനിതകളും ഒരു പുരുഷനും ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ മൊത്തം 9 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. പരാതികള്‍ അവഗണിച്ചതിനും പ്രതികളെ സംരക്ഷിച്ചതിനും എച്ച്ആര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (AGM) അശ്വിനി ചൈനാനിയെ പൂനെയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. 2026 ഏപ്രില്‍13ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും സിഒഒ ആരതി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രില്‍ 15ന് ദേശീയ വനിതാ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചു.
ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത്
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ പ്രതികള്‍ പ്രതികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 18-25 പ്രായത്തിലുള്ള യുവതികളെയാണ് ലക്ഷ്യം വെച്ചിരുന്നത്. പ്രതികളായ തൗസീഫ് അത്താര്‍, ഡാനിഷ് ഷെയ്ഖ് എന്നിവര്‍ക്ക് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍ ഒത്താശ ചെയ്തിരുന്നതായി പോലീസ് പറയുന്നു. നിദ ഖാന്‍ യുവതികളെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവരെ ഇസ്ലാം മതത്തിലേക്കും ആചാരങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു പുരുഷ ജീവനക്കാരനെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും ഹൈന്ദവ ദൈവങ്ങളെ അവഹേളിക്കുകയും ചെയ്തതായും പരാതിയുണ്ട്. ഇതിന് പുറമെ മലേഷ്യന്‍ മതപ്രഭാഷകന്‍ ഇമ്രാന്‍ വീഡിയോ കോളുകള്‍ വഴി ജീവനക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും അന്വേഷണസംഘം കണ്ടെത്തി. നിലവില്‍ 7 പേര്‍ അറസ്റ്റിലായിട്ടുണ്ട്, നിദ ഖാന്‍ ഒളിവിലാണ്. എച്ച്ആര്‍ വിഭാഗത്തിന് ലഭിച്ച 78-ഓളം പരാതി ഇമെയിലുകള്‍ ബോധപൂര്‍വ്വം അവഗണിക്കപ്പെട്ടതാണ് പീഡനം ഇത്രകാലം തുടരാന്‍ കാരണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
പരാതികള്‍ അവഗണിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്ത എച്ച്ആര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മുഖ്യസൂത്രധാര എന്ന് കരുതുന്ന നിദ ഖാന്‍ ഒളിവിലാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം (2026) നിലവില്‍ വന്ന സാഹചര്യത്തിലാണ് കേസ് പുറത്തുവന്നത്. ടിസിഎസ് പോലുള്ള ഒരു ആഗോള സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ഐടി മേഖലയിലെ 'POSH' (തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ വിരുദ്ധ നിയമം) ചട്ടങ്ങളുടെ കര്‍ശനമായ പുനഃപരിശോധന ആവശ്യപ്പെടുന്നു.