അൻസാരി മരിച്ചത് മർദ്ദനം മൂ‍ലമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്; പ്രതികൾക്കെതിരെ വീണ്ടും കൊല കുറ്റം ചുമത്തി പൊലീസ്

Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (10:07 IST)
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയ കൊലപാതകക്കുറ്റം പ്രതികൾക്ക് മേൽ വീണ്ടും ചാർത്തി പൊലീസ്.

ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണ് അന്‍സാരിക്ക് ഹൃദയാഘാതമുണ്ടായതെന്ന റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് കൊലപാതകക്കുറ്റം പൊലീസ് പുനഃസ്ഥാപിച്ചത്. ആദ്യം വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അന്‍സാരി കൊല്ലപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾക്ക് മേലുണ്ടായിരുന്ന കൊലപാതകക്കുറ്റം പൊലീസ് ഒഴിവാക്കിയത്.
.

ജൂലൈ 29-നു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒഴിവാക്കിയ ഐ.പി.സി 302 വകുപ്പാണ് ഇപ്പോള്‍ പൊലീസ് വീണ്ടും ചേര്‍ത്തിരിക്കുന്നത്. രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്താണ് പോലീസിന്റ ഇപ്പോഴത്തെ നടപടി. ഈ മാസം പത്തിനാണ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പകരം നരഹത്യ ചുമത്തിയത്.

ജാര്‍ഖണ്ഡിലെ ധട്കിഡില്‍ ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ തബ്രിസ് അന്‍സാരിയെ പിടികൂടിയത്. മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മരണാസന്നനായതോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരി 22ന് മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :