അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (08:16 IST)
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ സഹായ ഹസ്തവുമായി റഷ്യ. മേഖലയിലെ സംഘര്‍ഷം മൂലം ഇന്ധന വിതരണത്തില്‍ തടസ്സമുണ്ടായാല്‍ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ ലഭ്യമാക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും വ്യാപാര പാതകളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് റഷ്യയുടെ ഈ നിര്‍ണ്ണായക പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളിലായി കഴിയുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുദ്ധം വ്യാപിക്കുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തെ ബാധിക്കുമെന്നും ഇത് ആഗോള വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ റഷ്യ ആഹ്വാനം ചെയ്തിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് അമേരിക്ക മുന്‍കൈ എടുക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നിര്‍ദ്ദേശിച്ചു. എന്നാല്‍, വിദേശ ഇടപെടലുകളെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണരാജ്യമായിരുന്നു റഷ്യ. എന്നാല്‍ അമേരിക്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാരക്കരാറിനായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഘട്ടം ഘട്ടമായി കുറച്ചിരുന്നു. നിലവില്‍ ഹൊര്‍മൂസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലേക്കുള്ള എണ്ണയുടെ വരവ് തടസ്സപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റഷ്യ സഹായവാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര വിപണിയിലെ എണ്ണവില നിയന്ത്രിച്ചു നിര്‍ത്താന്‍ റഷ്യയുടെ ഈ വാഗ്ദാനം വലിയ ആശ്വാസമാകും.