അനുബന്ധ വാര്‍ത്തകള്‍
- 3 മണ്ടൻ കല്യാണങ്ങൾ, ജീവിതത്തിലെ 17 വർഷം വെറുതെ കളഞ്ഞെന്ന് മീര വാസുദേവ്
- ഫിറോസുമായി ബന്ധമുള്ള സ്ത്രീ ഞാനല്ല; പൊട്ടിത്തെറിച്ച് സൂര്യ (വീഡിയോ)
- സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ
- സോഷ്യൽ മീഡിയയിൽ നിന്ന് വിവാഹചിത്രങ്ങൾ നീക്കം ചെയ്ത് ശർവാനന്ദ്, വിവാഹമോചനമെന്ന് അഭ്യൂഹം
- രാധികയും പ്രതാപ് പോത്തനും തമ്മിൽ പിരിയാൻ കാരണം?, മൂന്നാം വിവാഹത്തിൽ ജീവിതം മാറി: ആലപ്പി അഷ്റഫ് പറയുന്നു
ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത, വിവാഹമോചന സാധുത ശരിവെച്ച് മദ്രാസ് ഹൈക്കോടതി!
ചെന്നൈ: ഹിന്ദു വിവാഹ ആചാരപ്രകാരം വിവാഹിതയായ ഒരു സ്ത്രീ തന്റെ താലി (മാംഗല്യസൂത്രം) അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന കടുത്ത മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് പി. വടമലൈയാണ് സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാവുന്ന ഈ നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവിന് കീഴ്ക്കോടതി അനുവദിച്ച വിവാഹമോചനം ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
കുടുംബ കോടതി അനുവദിച്ച വിവാഹമോചന വിധിക്കെതിരെ ഭാര്യ സമര്‍പ്പിച്ച അപ്പീല്‍ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. 'ഭാര്യ താലി മനഃപൂര്‍വ്വം അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിന് കടുത്ത മാനസിക വിഷമമുണ്ടാക്കുന്ന കാര്യമാണ്, ഇത് ക്രൂരതയുടെ പരിധിയില്‍ വരും,' കോടതി വ്യക്തമാക്കി.
1977 ഓഗസ്റ്റ് 30-നാണ് കേസിനാസ്പദമായ ദമ്പതികള്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. എന്നാല്‍ പില്ക്കാലത്ത് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായി.ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ അദ്ദേഹം ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം പരാതിക്കത്തുകള്‍ അയച്ചിരുന്നു. ഭാര്യ താലി അഴിച്ചുമാറ്റുകയും ആഭരണങ്ങള്‍ ധരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. 2017ല്‍ ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ കീഴ്കോടതി ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചു. 2019ല്‍ ഇത് മറ്റൊരു കോടതിയും ശരിവെച്ചു. ഇതിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ വേളയില്‍ താന്‍ താലിമാല ഊരിമാറ്റിയിട്ടുണ്ടെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായകമായി മാറിയത്. ഇതിന് മുന്‍പുണ്ടായ സമാനമായ കോടതിവിധികള്‍ ഉദ്ധരിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
ഹിന്ദു വിവാഹസങ്കല്പത്തില് താലി ദാമ്പ്യത്യജീവിതത്തിന്റെ അതി പവിത്രമായ അടയാളമാണ്. സാധാരണ ഒരു ഹൈന്ദവ സ്ത്രീ ഭര്‍ത്താവ് മരിച്ചെങ്കില്‍ മാത്രമെ താലി അഴിച്ചുമാറ്റാറുള്ളു.ജീവിച്ചിരിക്കുമ്പോള്‍ അത് മാറ്റുന്നത് ദാമ്പത്യം അവസാനിപ്പിക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമത്തിന്റെ തെളിവാണ്.ഭര്‍ത്താവിന്റെ സ്വഭാവത്തെ കുറിച്ച് തെളിവില്ലാതെ ഭാര്യ സൈനികമേധാവിമാര്‍ക്ക് പരാതിയയച്ചിരുന്നതും താലി ഊരി മാറ്റിയതും ഭാര്യയ്ക്ക് ദാമ്പത്യം തുടരാന്‍ താല്പര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.