1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Paper Leak Anger, Caste Equations Behind BJP's Bankipur–Datia Setback: Report

പ്രാദേശിക അസംതൃപ്തി, നീറ്റ് ചോർച്ച, ജാതി സമവാക്യങ്ങൾ: ബാങ്കിപൂരിലെ ബിജെപി തോൽവിക്ക് കാരണങ്ങൾ ഏറെ, ബിഹാറിൽ അടിതെറ്റിയാൽ ഞെട്ടേണ്ടതില്ല!

ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോറാണ് ബങ്കിപൂരിലെ ബിജെപി ഭരണം അവസാനിപ്പിച്ചത്.

BJP,Bankipur Bypoll,Datia Bypoll,Prashant Kishor, Jan Suraaj Party, Bihar Politics,Caste Politics, Indian Politics
കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും നിലവില്‍ ഭരണപക്ഷ പാര്‍ട്ടിയാണെങ്കിലും ബങ്കിപൂരില്‍ നടന്ന ഉപതിരെഞ്ഞെടുപ്പ് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ യുവാക്കളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആദ്യം സംഭവിച്ച ഉപതിരെഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു ബിഹാറിലെ ബങ്കിപൂരിലേത്. നാളിന്നുവരെ ബിജെപിയെ മാത്രം പിന്തുണച്ചിട്ടുള്ള ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിലേറ്റ തോല്‍വിയാണ് ബിജെപിയെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോറാണ് ബങ്കിപൂരിലെ ബിജെപി ഭരണം അവസാനിപ്പിച്ചത്. പ്രശാന്ത് കിഷോറിന്റെ വ്യക്തിപരമായ സ്വാധീനത്തിന് പുറമെ ജാതീയമായ സമവാക്യങ്ങളും പ്രാദേശിക വികാരവുമെല്ലാം ബിജെപിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്.
 
ബിജെപിയുടെ ശക്തമായ കോട്ടയായ ബങ്കിപൂരില്‍ 19,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ബിജെപിയുടെ ദേശീയ പ്രസിഡന്റായ നിതിന്‍ നബിന്റെ മണ്ഡലത്തിലാണ് ബിജെപി ഈ തോല്‍വി ഏറ്റുവാങ്ങിയത്. പരാജയത്തിലേക്ക് നയിച്ച കാരണങ്ങളില്‍ പ്രധാനമായും ബിഹാര്‍ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരിയെ തിരെഞ്ഞെടുത്തത് തന്നെയായിരുന്നു എന്നത് ബിഹാറില്‍ ബിജെപിക്ക് അടിതെറ്റാമെന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാനത്ത് ജാതിസമവാക്യങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ കണ്ണിയായിരുന്ന ജെഡിയുവിന്റെ നിതീഷ് കുമാര്‍ ഒഴിഞ്ഞതോടെയാണ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.
prashant kishor
 
ധാരാളം ക്രിമിനല്‍ കേസുകളും വിദ്യഭ്യാസയോഗ്യതയുടെ പേരിലുള്ള വിവാദങ്ങളും സമ്രാട്ട് ചൗധരിയുടെ പേരിലുണ്ട്. അങ്ങനെയൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയതിനെ ശക്തമായ രീതിയിലാണ് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചത്.കുഷ്വാഹ ജാതിയില്‍പ്പെട്ട മുഖ്യമന്ത്രി വേണമെങ്കില്‍ അങ്ങനെയാകട്ടെ എന്നാല്‍ ക്രിമിനലായ സമ്രാട്ട് ചൗധരിയെ എങ്ങനെ മുഖ്യമന്ത്രിയാക്കി എന്ന ചോദ്യമാണ് പ്രശാന്ത് കിഷോര്‍ ഉന്നയിച്ചത്.
 
ബങ്കിപൂര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷമായി തിരെഞ്ഞെടുക്കപ്പെട്ടത് നിതിന്‍ നബിന്‍ ആയിരുന്നു. അതിന് മുന്‍പ് നിതിന്‍ നബിന്റെ അച്ഛനായിരുന്ന നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയായിരുന്നു ഇവിടത്തെ ജനപ്രതിനിധി. ദീര്‍ഘകാലമായുള്ള ഈ രീതി ഭരണവിരുദ്ധവികാരം ഉണ്ടാക്കിയെന്നതും ഒരു കാരണമാണ്. കൂടാതെ പ്രശാന്ത് കിഷോറിന്റെ എതിരാളിയായി ശക്തനല്ലാത്ത സ്ഥാനാര്‍ഥിയെ ബിജെപി രംഗത്തിറക്കിയതും വിനയായി.
 
അതേസമയം ബങ്കിപൂരിലെ സ്ഥാനാര്‍ഥി തിരെഞ്ഞെടുപ്പിലടക്കമുള്ള പ്രാദേശികമായ അസംതൃപ്തി സംഘടനാതലത്തില്‍ ഏകോപനക്കുറവുണ്ടാകാന്‍ കാരണമാക്കിയിട്ടുണ്ട്. നീറ്റ് പ്രതിഷേധങ്ങളും ശക്തനായ സ്ഥാനാര്‍ഥിയായുള്ള പ്രശാന്ത് കിഷോറിന്റെ വരവും അപ്പര്‍ കാസ്റ്റ് ഹിന്ദു കൂടുതലുള്ള മണ്ഡലത്തില്‍ ബ്രാഹ്‌മിണ്‍ ആണെന്നുള്ളതുമെല്ലാം പ്രശാന്ത് കിഷോറിന് ഗുണകരമായി.

ജന്‍ സുരാജ് വിവിധ സാമൂഹിക വിഭാഗങ്ങളിലേക്കും ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കളിലേക്കും വ്യാപകമായി എത്തിച്ചേരാന്‍ വലിയ ശ്രമം നടത്തിയിരുന്നു. വീടുതോറുമുള്ള വോട്ടര്‍ സമ്പര്‍ക്കവുമായി ജന്‍ സുരാജ് കളം നിറഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം വന്ന തര്‍ക്കങ്ങള്‍ ബിജെപി സംഘടനാപ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചോദ്യപേപ്പർ ചോർച്ച: വിദ്യാർഥി സമരങ്ങൾക്ക് പിന്തുണയെന്ന് എബിവിപി