ഹോർമുസിൽ ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമാക്കാൻ ഓപ്പറേഷൻ ഊർജസുരക്ഷ, 5 പടക്കപ്പലുകൾ വിന്യസിച്ച് നാവികസേന
ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധഭീഷണിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ കപ്പലുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ഇന്ത്യന്‍ നാവികസേന. ഓപ്പറേഷന്‍ ഊര്‍ജസുരക്ഷയുടെ ഭാഗമായി ഇരുപത് ഇന്ത്യന്‍ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാനായി 5 പടക്കപ്പലുകളെ വിന്യസിച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു.എല്‍പിജി ടാങ്കറുകള്‍, എല്‍എന്‍ജി വാഹകര്‍, ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസില്‍ കുടുങ്ങി കിടക്കുന്നത്. ഇവയിലാകെ 92,000 ടണ്‍ എല്‍പിജിയാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യത്തിന് ഈ എല്‍പിജി നിര്‍ണായകമാണ്. ഇരുപത് കപ്പലുകളില്‍ അഞ്ച് കപ്പലുകള്‍ ഈ ആഴ്ചയോടെ ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് നീങ്ങും. ഈ കപ്പലുകള്‍ക്ക് പൂര്‍ണമായ അകമ്പടി നാവികസേന നല്‍കും.
ഓപ്പറേഷന്‍ ഊര്‍ജ്ജ സുരക്ഷയുടെ ആദ്യഫ്ഗട്ടമായി ജാഗ് വസന്ത് മാര്‍ച്ച് 27ന് ഇന്ത്യന്‍ തുറമുഖത്തെത്തും. അടുത്ത ദിവസം പൈന്‍ ഗ്യാസ് എന്ന കപ്പലും ഇന്ത്യന്‍ തീരത്തെത്തും.ഹോര്‍മുസ് വഴി ചരക്ക് നീക്കം നിലച്ചതോടെ കഴിഞ്ഞ ദിവസം സ്വകാര്യ പെട്രോളിയം കമ്പനിയായ നയാര ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം (IOCL, BPCL, HPCL) പോലുള്ള പൊതുമേഖലാ കമ്പനികള്‍ ഇതുവരെ വില കൂട്ടിയിട്ടില്ല.
ഗ്യാസ് ക്ഷാമം മൂലം ഹോട്ടലുകളും റസ്റ്റോറന്റുകളും ഭക്ഷണ ബില്ലില്‍ അധിക തുക ഈടാക്കാന്‍ ശ്രമിക്കുന്ന സാഹചര്യം രാജ്യത്ത് പല ഭാഗങ്ങളിലുമുണ്ട്. മെനുവില്‍ കാണിക്കുന്ന വിലയ്ക്ക് പുറമെ ഒരു തുകയും ഈടാക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട് നടക്കും.