അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ജനുവരി 2026 (16:22 IST)
ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ, സ്വിഗി ഉള്‍പ്പെടെയുള്ള പ്രമുഖ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളോട് 10 മിനിറ്റ് ഡെലിവറിയെന്ന അവകാശവാദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഗിഗ് തൊഴിലാളികളുടെ സുരക്ഷയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കാനാണ് നടപടി.
ബ്ലിങ്കിറ്റ് ഇതിനകം നിര്‍ദേശത്തിന് അനുസൃതമായി പ്രവര്‍ത്തിച്ച് അവരുടെ ബ്രാന്‍ഡിംഗില്‍ നിന്ന് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം നീക്കം ചെയ്തു. മറ്റ് കമ്പനികളും വരും ദിവസങ്ങളില്‍ ഇതേ നടപടി സ്വീകരിക്കും. '10,000 പ്ലസ് ഉല്‍പ്പന്നങ്ങള്‍ 10 മിനിറ്റില്‍ ഡെലിവറി ചെയ്യും' എന്ന ടാഗ്ലൈന്‍ ബ്ലിങ്കിറ്റ് മാറ്റുകയും 30,000 പ്ലസ് ഉല്പന്നങ്ങള്‍ നിങ്ങളുടെ വാതില്‍പ്പടിയില്‍ എന്നാക്കിമാറ്റുകയും ചെയ്തു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമുകളിലെ ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണി മുടക്കിയിരുന്നു. ഡെലിവറി തൊഴിലാളികളുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും കഠിനമായ കാലാവസ്ഥയിലും ഗതാഗത കുരുക്കിലും സുരക്ഷ ഉറപ്പിക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. സ്പീഡിനേക്കാള്‍ തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോട് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍
ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം രാഘവ് ചഡ്ഢ ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഈ തൊഴിലാളികള്‍ക്ക് ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ശനമായ ഡെലിവറി സമയ വാഗ്ദാനങ്ങള്‍ നീക്കം ചെയ്തതോടെ, സ്പീഡിനേക്കാള്‍ തൊഴിലാളി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.