അനുബന്ധ വാര്‍ത്തകള്‍
- E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്
- വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി
- ഇനി കളികൾ നടക്കില്ല, വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും
- ജപ്പാന് പ്രധാനമന്ത്രി തകായിച്ചിയെ 'കുഞ്ഞ് സഹോദരി' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി മോദി
- ക്രൂഡോയില്‍ ബാരലിന് 70 ഡോളറായി; പെട്രോള്‍-ഡീസല്‍ വില രണ്ടാഴ്ചത്തേക്ക് കുറയില്ലെന്ന് സൂചന
ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന
തിരുവനന്തപുരം: ഹജ്ജ് 2027-ന് അപേക്ഷിക്കുന്ന തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാകുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് കത്തയച്ചു. അപേക്ഷകരുടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മുന്‍ഗണനാപ്രകാരം തീര്‍പ്പാക്കാന്‍ രാജ്യത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ 2026 ജൂണ്‍ 22-ലെ വിജ്ഞാപനപ്രകാരം ഹജ്ജ് 2027-നുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 20 വരെ സ്വീകരിക്കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് 2027 ഡിസംബര്‍ 31 വരെ കാലാവധിയുള്ള സാധുവായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായതിനാല്‍, പുതിയ പാസ്‌പോര്‍ട്ടിനും പുതുക്കലിനുമായി അപേക്ഷിച്ച നിരവധി തീര്‍ഥാടകര്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
പാസ്‌പോര്‍ട്ട് വിതരണം വൈകുന്ന സാഹചര്യം ഉണ്ടായാല്‍ അര്‍ഹരായ നിരവധി തീര്‍ഥാടകര്‍ക്ക് ഹജ്ജ് യാത്രയ്ക്കുള്ള അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ അപേക്ഷകള്‍ സമയബന്ധിതമായി പരിഗണിച്ച് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. ഈ സംവിധാനം അപേക്ഷകരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതില്‍ ഫലപ്രദമായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഇത്തവണയും സമാനമായ രീതിയില്‍ എല്ലാ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഹജ്ജ് 2027 അപേക്ഷകര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാനും പാസ്‌പോര്‍ട്ട് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും വിദേശകാര്യ മന്ത്രാലയത്തിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയോട് എന്‍. ഷംസുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു. ഇതിലൂടെ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് അപേക്ഷാ നടപടികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.