ശ്രീനഗര്‍|
VISHNU N L|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (13:42 IST)
കശ്മീരി പണ്ഡിറ്റുകളെ തിരികെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൌണ്‍ഷിപ്പ് നിര്‍മ്മിക്കില്ലെന്നും അവര്‍ മറ്റുള്ളവരൊടൊപ്പം തന്നെ താമസിക്കുമെന്നും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അറിയിച്ചു. ഭീകരാക്രമണ ഭീഷണിമൂലം വീടുപേക്ഷിച്ചു പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളെ താമസിപ്പിക്കുന്നതിനായി പ്രത്യേക ടൌണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ വന്നതിനൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ നിയമസഭയിലാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
വിഷയത്തില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും വിശദീകരണമാവശ്യപ്പെട്ടതൊടെയാണ് സയീദ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കശ്മീരി പണ്ഡിറ്റുകള്‍ക്കു താഴ്വരയില്‍ ഒറ്റയ്ക്കു പ്രത്യേകമായി താമസിക്കാനാകില്ലെന്നും അവര്‍ സമൂഹത്തില്‍ എല്ലാവരോടുമൊപ്പം വേണം താമസിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് പറഞ്ഞതായും സയീദ് നിയമസഭയെ അറിയിച്ചു. പ്രത്യേക ടൌണ്‍ഷിപ്പെന്ന ആവശ്യം തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായതാണെന്നാണ് സയീദ് പറഞ്ഞത്.
പ്രത്യേക ടൌണ്‍ഷിപ്പ് പണിയുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോട് കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, വിഘടനവാദികള്‍ തുടങ്ങിയവര്‍ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഭീകരാക്രമണ ഭീഷണി രൂക്ഷമായ 1990കളില്‍ ഒന്നരലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കശ്മീരി പണ്ഡിറ്റുകളാണ് വീട് ഉപേക്ഷിച്ചു പോയത്. ഇവരെ തിരികെ അധിവസിപ്പിക്കുന്നതിനായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് 200 ഫ്ളാറ്റുകളുടെ ഒരു സമുച്ചയം മധ്യകശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഷെയ്ഖ്പോറയില്‍ പണിതിരുന്നു.
എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു. ഇതിനു കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വീടുപേക്ഷിച്ചു പോയ പണ്ഡിറ്റുകള്‍ക്കും താഴ്വരയിലെ മറ്റിടങ്ങളില്‍ നിന്ന് പ്രദേശത്ത് താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ക്കും മാത്രമായാണ് ഫ്ളാറ്റ് അനുവദിച്ചത് എന്നതിനാലാണ്. അതിനാല്‍ ഈ ഫ്ലാറ്റുകള്‍ ഏറ്റുവാങ്ങാന്‍ പണ്ഡിറ്റുകള്‍ വിസമ്മതിക്കുകയായിരുന്നു. 2008ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ പദ്ധതിയനുസരിച്ചായിരുന്നു ഇത്.