ഇസ്രായേൽ–ഇറാൻ സംഘർഷം:രാജ്യത്തെ പ്രോ-ഇറാൻ അനുകൂലികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ഫെബ്രുവരി 28-ന് പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

PM Modi
രേണുക വേണു| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (14:29 IST)
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷാവസ്ഥ ശക്തമാകുന്നതിനിടെ രാജ്യത്തിനകത്ത് നിയമ-ക്രമ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രോ-ഇറാന്‍ നിലപാടുകള്‍ ശക്തമായി പ്രചരിപ്പിക്കുന്ന തീവ്രപ്രഭാഷകരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) നിര്‍ദേശിച്ചത്.

ഫെബ്രുവരി 28-ന് പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിനകത്ത് വിദ്വേഷ പ്രസംഗങ്ങള്‍, പ്രകോപനപരമായ പ്രസ്താവനകള്‍, മതവിദ്വേഷം വളര്‍ത്തുന്ന പ്രഭാഷണങ്ങള്‍ എന്നിവ വഴി സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കാന്‍ സാധ്യതയുള്ള വ്യക്തികളെയും സംഘടനകളെയും ശ്രദ്ധയില്‍വയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആഗോള തലത്തില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിന്റെ പ്രതിഫലനം ആഭ്യന്തര സാഹചര്യങ്ങളില്‍ പ്രകടമാകാനുള്ള സാധ്യത ഉണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി തീവ്രവാദ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെയും അന്താരാഷ്ട്ര തീവ്രവാദ ബന്ധങ്ങളെയും നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനുപുറമേ, അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും ഉള്‍പ്പെടുന്ന വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്നും നിര്‍ദേശിക്കുന്നു. പ്രതിഷേധങ്ങള്‍ക്കോ സുരക്ഷാ ഭീഷണികള്‍ക്കോ സാധ്യതയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില മതനേതാക്കളും സംഘടനകളും പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. രാജ്യത്ത് സമാധാനവും സാമൂഹിക സൗഹൃദവും നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :