1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indira Gandhi National Emergency Period

ഇന്ദിരയുടെ അധികാരക്കൊതി, രാജ്യം കണ്ട ഫാസിസ്റ്റ് വാഴ്ച; അടിയന്തരാവസ്ഥയ്ക്കു 51 വയസ്

ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന അടിയന്തരാവസ്ഥ 1977 മാർച്ച് 21 നാണ് പിൻവലിക്കുന്നത്

The Emergency, Emergency 50th year, Indira Gandhi, Emergency Indira Gandhi, Emergency 50th year India, അടിയന്തരാവസ്ഥ, അടിയന്തരാവസ്ഥയുടെ അമ്പത് വര്‍ഷം, ഇന്ത്യയിലെ അടിയന്തരാവസ്ഥ
ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ഇന്ന് 51 വയസ്. 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന സർക്കാരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 
 
അടിയന്തരാവസ്ഥയിലേക്കു നയിച്ച ഇന്ദിരയുടെ അധികാര കൊതി !
 
1970 കളുടെ തുടക്കത്തിൽ ഇന്ദിര ഗാന്ധി സർക്കാരിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും ഉയർന്നിരുന്നു. സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണൻ, ജോർജ് ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉണ്ടായി. അതിനിടയിലാണ് 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇന്ദിര ഗാന്ധിക്കെതിരെ രാജ് നാരായൻ നൽകിയ കേസിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിധി വരുന്നത്. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുന്നതായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഇന്ദിര ഗാന്ധി സുപ്രീം കോടതിയിൽ പോയെങ്കിലും തിരിച്ചടി നേരിടേണ്ടിവന്നു. പ്രധാനമന്ത്രിയായി ഇന്ദിരയ്ക്കു തുടരാമെങ്കിലും പാർലമെന്റ് അംഗം എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും എടുത്തുനീക്കി. പ്രധാനമന്ത്രിയായ ഇന്ദിരയ്ക്കു പാർലമെന്റിൽ വോട്ട് ചെയ്യാനുള്ള അവകാശം പോലും ഇല്ലാതായി. ഇതോടെ രാജ്യത്ത് ഇന്ദിര ഗാന്ധിക്കെതിരെ നടന്നുവന്നിരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ നടന്നു. സ്വന്തം അധികാരം സംരക്ഷിക്കാൻ വേണ്ടി ഇന്ദിര ഗാന്ധി അന്നത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിനോടു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയാണ് അടിയന്തരാവസ്ഥയുടെ സൂത്രധാരൻ. സഞ്ജയ് ഗാന്ധിയുടെ അഭിപ്രായത്തെ തുടർന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. 
 
രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിയിട്ട രണ്ട് വർഷം 
 
ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന അടിയന്തരാവസ്ഥ 1977 മാർച്ച് 21 നാണ് പിൻവലിക്കുന്നത്. മാധ്യമങ്ങൾക്കു സെൻസർഷിപ്പ് ഏർപ്പെടുത്തി, തനിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലാക്കി, പ്രതിപക്ഷ സ്വരത്തെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തി, അടിയന്തരാവസ്ഥയ്‌ക്കെതിരായ സിനിമകൾ നിരോധിച്ചു...അക്ഷരാർത്ഥത്തിൽ ഇന്ത്യയെന്ന മഹാരാജ്യത്തെ നരകതുല്യമാക്കി...
 
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിക്കുകയും പൊലീസിൽ നിന്ന് കൊടിയ മർദ്ദനങ്ങളേൽക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ ജയിൽവാസത്തിനു ശേഷം അന്നത്തെ എംഎൽഎ കൂടിയായിരുന്ന പിണറായി വിജയൻ രക്തം പുരണ്ട തന്റെ ഷർട്ടുമായി നിയമസഭയിൽ എത്തി നടത്തിയ പ്രസംഗം അന്ന് വലിയ വാർത്തയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു പൂർണ പിന്തുണ നൽകിയ കെ.കരുണാകരന്റെ പൊലീസിനെതിരെ അതിശക്തമായ ഭാഷയിലാണ് അന്ന് പിണറായി പ്രസംഗിച്ചത്.
 
കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ പഠിച്ചിരുന്ന രാജൻ എന്ന ചെറുപ്പക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോയതും പിന്നീട് കാണാതാവുകയും ചെയ്ത സംഭവം അടിയന്തരാവസ്ഥ കാലത്താണ്. കക്കയം പൊലീസ് ക്യാംപിൽ വെച്ച് രാജൻ കൊല്ലപ്പെട്ടെന്ന് പിന്നീട് പൊലീസ് സമ്മതിച്ചു. അടിയന്തരാവസ്ഥ കാലത്ത് കേരളത്തിലെ ക്യാംപസുകളിൽ ഒട്ടേറെ വിദ്യാർഥികൾ പൊലീസിന്റെ കൊടിയ മർദ്ദനങ്ങൾക്കു ഇരയായിട്ടുണ്ട്. 'പെൺ ഹിറ്റ്ലർ ജനിക്കുന്നു' എന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു പിന്നാലെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിമർശിച്ച് കമ്യൂണിസ്റ്റ് നേതാവായ എകെജി എഴുതിയത്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മന്ത്രിയുടെ തലയിൽ പായസം വീണ സംഭവം; അന്വേഷിക്കാൻ ഡി.വൈ.എസ്.പി